മുണ്ടക്കയം: സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ 12ന് ആശുപത്രിയിലേക്ക് മാർച്ച് ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് പുത്തൻചന്തയിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ആശുപത്രി പടിക്കലെത്തി തിരികെ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പ്രതിഷേധ യോഗം സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്യും. എസ്യുസിഐ ജില്ലാ സെക്രട്ടറി മിനി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ സാമുദായിക സാംസ്കാരിക നേതാക്കൾ പ്രസംഗിക്കും.
കിടത്തി ചികിത്സ പുനരാരംഭിക്കുക, 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കുക, അത്യാഹിതവിഭാഗം പുനരാരംഭിക്കുക, പ്രസവ, ശിശുരോഗ, ഹൃദ്രോഗ, അസ്ഥിരോഗ, നേത്ര ചികിത്സാ വിഭാഗങ്ങൾ ആരംഭിക്കുക, ആവശ്യത്തിനു ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക, ടോക്കൺ സംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
1940ൽ രാജഭരണ കാലത്ത് സ്ഥാപിതമായ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ, 24 മണിക്കൂറും ഡോക്ടറുടെ സേവനം, പ്രസവം, ഓപ്പറേഷൻ, പോസ്റ്റുമോർട്ടം, അത്യാഹിത വിഭാഗം തുടങ്ങി എല്ലാവിധ സേവനങ്ങളും ലഭിച്ചിരുന്നു. ഇപ്പോൾ അഞ്ച് നിലകളുള്ള പുതിയ കെട്ടിടമുണ്ടെങ്കിലും മൂന്ന് നിലകളും വെറുതെ കിടക്കുകയാണ്.
ദിവസേന 400ൽ അധികം രോഗികളെത്തുന്ന ഇവിടെ ഡോക്ടർമാരുടെ കുറവ് മൂലം രോഗികൾ വലയുകയാണ്. ഹൈറേഞ്ച് മേഖലയിൽ കെകെ റോഡിലുണ്ടാകുന്ന അപകടങ്ങളിൽ ആദ്യ ആശ്രയിക്കാവുന്നതും മുണ്ടക്കയം സർക്കാർ ആശുപത്രിയെയാണ്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തിയപ്പോൾ മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, പ്രഖ്യാപനം നാളിതുവരെയായിട്ടും നടപ്പിലാക്കിയിട്ടിലെന്നും ജനകീയ സമരസമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തിൽ ജനകീയ സമരസമിതി ഭാരവാഹികളായ രാജീവ് പുഞ്ചവയൽ, ബെന്നി ദേവസ്യ, സിജു കൈതമറ്റം, കെ.കെ. ജലാലുദീൻ, ടി.എസ്. റഷീദ്, രാജു ജി. കീഴ്വാറ്റ, തമ്പി കാവുമ്പാടം, സി.എസ്. പ്രമോദ്, വി.പി. കൊച്ചുമോൻ, പീറ്റർ ജെയിംസ്, രാജൻ കാവുങ്കൽ, അനിൽ കുമാർ എന്നിവർ പങ്കെടുത്തു.