ചങ്ങനാശേരി: ഉപജില്ലാ സ്കൂൾ കലോത്സവം "ചിലന്പോലി'ക്ക് കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിഞ്ഞു. ഉപജില്ലയിലെ 124 സ്കൂളുകളിൽനിന്നുള്ള 3500ൽപരം വിദ്യാർഥി പ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. എൽപി വിഭാഗത്തിൽ 32 ഇനങ്ങളിലായി 819 കുട്ടികളും യുപി വിഭാഗത്തിൽ 55 ഇനങ്ങളിലായി 732 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 104 ഇനങ്ങളിൽ 1078 വിദ്യാർഥികളും എച്ച്എസ്എസ് വിഭാഗത്തിൽ 90 ഇനങ്ങളിലായി 677 വിദ്യാർഥികളും പങ്കെടുക്കുന്നു.
ജോബ് മൈക്കിൾ എംഎൽഎയുടെ അധ്യക്ഷതയിൽ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ. ജോബി കറുകപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ വർഗീസ് ആന്റണി, സൈന തോമസ്, പി.എ. ബിൻസൺ, ബാബു പാറയിൽ, രമ്യാ റോയി, ജനറൽ കൺവീനർ ജയിംസ് മാളിയേക്കൽ, എഇഒ കെ.എ. സുനിത, ഹെഡ്മാസ്റ്റർ എം.സി. മാത്യു, പി.എം. നൗഫൽ, ഫാ. നിജോ വടക്കേറ്റത്ത്, ബാബു കുരീത്ര എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ വിവിധ വേദികളിൽ രചനാ മത്സരങ്ങൾ ആരംഭിക്കും. വിവിധ വേദികളിൽ പരിചമുട്ട്, മാർഗംകളി, ചവിട്ടു നാടകം, പൂരക്കളി എന്നിവയും ഭരതനാട്യം, കേരള നടനം, ലളിതഗാനം എന്നീ മത്സരങ്ങളും നടക്കും.
15ന് വൈകുന്നേരം നാലിന് സമാപന സമ്മേളനം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷത വഹിക്കും, ഫാ. ജോബി കറുകപ്പറമ്പിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.