ഐസിസി ചാമ്പ്യന്‍സ് ട്രോഫി നാളെ മുതൽ
Tuesday, February 18, 2025 1:29 AM IST
ഐസിസി 2025 ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനു നാളെ തുടക്കം കുറിക്കുമ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുതയുടെ നേര്‍സാക്ഷ്യം കൂടിയാകുമത്.
ക്രിക്കറ്റ് പോരാട്ട ചരിത്രത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏക്കാലത്തെയും വൈരികളായാണ് ചിത്രീകരിക്കപ്പെടുന്നതെന്നതില് തര്‍ക്കമില്ല. എന്നാല്‍, ഇക്കാലമത്രയുമായി ഒരു ഐസിസി ടൂര്‍ണമെന്റിനെ രണ്ടായി പകുത്ത ചരിത്രം മുമ്പില്ലെന്നതു വാസ്തവം. 1996 ലോകകപ്പ് ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ച് ആതിഥേയരായിരുന്നു. എന്നാല്‍, അതിനുശേഷം ഇതാദ്യമായാണ് പാക്കിസ്ഥാന് ഒരു ഐസിസി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
ഇക്കാലമത്രയും ഓരോ ഐസിസി ടൂര്‍ണമെന്റിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനു വന്‍ ഹൈപ്പാണ് ലഭിച്ചത്. എന്നാല്‍, 2025 ചാമ്പ്യന്‍സ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീം പുറപ്പെടില്ലെന്നു നിലപാടെടുത്തതോടെ ടൂര്‍ണമെന്റിന്റെ മറ്റൊരുവേദിയായി ദുബായിയും ഉള്‍പ്പെടുത്തപ്പെട്ടു. ഐസിസി ടൂര്‍ണമെന്റ് ചരിത്രത്തിലെ ആദ്യ സംഭവം.
അയലത്തെ ശത്രുക്കളായ ഇന്ത്യ, പാക്കിസ്ഥാന് ടീമുകള്‍ക്കൊപ്പം മറ്റൊരു അയല്‍ക്കാരായ ബംഗ്ലാദേശിനൊപ്പം ന്യൂസിലന്‍ഡും ചേരുന്നതാണ് ചാമ്പ്യന്‍സ് ട്രോഫി എ ഗ്രൂപ്പ്.
ഇന്ത്യ; 2002, 2013
ഐസിസി ചാമ്പ്യന്‍സ് ട്രോഫി രണ്ടു തവണ സ്വന്തമാക്കിയ ടീമാണ് ഇന്ത്യ. എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ 2013ല്‍ ആയിരുന്നു ഇന്ത്യ അവസാനമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തംവച്ചത്. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം 2025 ചാമ്പ്യന്‍സ് ട്രോഫിയിലൂടെ നികത്തുകയാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഗൗതം ഗംഭീറിന്റെ ശിക്ഷണത്തില്‍ മധ്യഓവറുകളില്‍ ആക്രമിച്ചു കളിക്കുക എന്ന പുതിയ തന്ത്രവുമായാണ് ഇന്ത്യ എത്തുന്നത്.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യക്കു ക്ഷീണമാണെന്നതില് തര്‍ക്കമില്ല. ഹര്‍ഷിത് റാണയാണ് പകരമായി ടീമിലുള്‍പ്പെട്ടത്. മുഹമ്മദ് ഷമി, അര്‍ഷദീപ് സിംഗ് എന്നിവരുടെ പേസ് ആക്രമണത്തിലാണ് ടീം ഇന്ത്യയുടെ ആശ്രയം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗ് മികച്ചതായിരുന്നു. 20നു ബംഗ്ലാദേശിന് എതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
പാക്കിസ്ഥാന്; 2017
2017 ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളാണ് പാക്കിസ്ഥാന്. അതും ഫൈനലില്‍ ഇന്ത്യയെയാണ് പാക്കിസ്ഥാന് കീഴടക്കിയത്. ലണ്ടനിലെ ഓവലില്‍ നടന്ന ഫൈനലില്‍ 180 റണ്‍സിനായിരുന്നു പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പിന്നീട് ഇരുടീമും ഇതുവരെ നേര്‍ക്കുനേര്‍ ഇറങ്ങിയിട്ടില്ല.
മുഹമ്മദ് റിസ്വാന് നയിക്കുന്ന പാക്കിസ്ഥാന് കപ്പില്‍ കുറഞ്ഞ ഒന്നും ഇത്തവണ പ്രതീക്ഷിക്കുന്നില്ലെന്നതും വാസ്തവം. പരിക്കേറ്റ് പുറത്തായ റൈസിംഗ് സ്റ്റാറായ സയിം അയൂബ് ഇല്ലാതെയാണ് പാക്കിസ്ഥാന് എത്തുന്നത്. ബാബര്‍ അസം, ഫഖാര്‍ സമാന്, നസീം ഷാ, ഷഹീന് അഫ്രീദി, ഹാരിസ് റൗഫ് തുടങ്ങിയവരും പാക്കിസ്ഥാന്റെ കരുത്താണ്. 19ന് പാക്കിസ്ഥാനും ന്യൂസിലന്‍ഡും ഏറ്റുമുട്ടുന്നതോടെയാണ് 2025 ചാമ്പ്യന്‍സ് ലീഗിനു തുടക്കം കുറിക്കുന്നത്.
ന്യൂസിലന്‍ഡ്; 2000
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു തവണ (2000) മുത്തംവച്ച ചരിത്രം ന്യൂസിലന്‍ഡിന് ഉണ്ട്. 2025 ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായി പാക്കിസ്ഥാനില്‍ നടന്ന ത്രിരാഷ് ട്ര ഏകദിന പരമ്പര ന്യൂസിലന്‍ഡാണ് സ്വന്തമാക്കിയത്. മിച്ചല്‍ സാന്റ്നറാണ് കിവീസ് ക്യാപ്റ്റന്‍. ഡിവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസ്ണ്, ടോം ലാഥം, ലോക്കി ഫെര്ഗൂസണ് തുടങ്ങിയ വന്‍നിര ന്യൂസിലന്‍ഡിനുണ്ട്. പരിക്കിനെത്തുടര്‍ന്ന് ബെന്‍ സിയേഴ്സ് പുറത്താകുകയും പകരമായി ജേക്കബ് ഡഫി ടീമിലുള്‍പ്പെടുകയും ചെയ്തു.
ബംഗ്ലാദേശ്; സെമി സ്വപ്നം
2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനല്‍ കളിച്ചതാണ് ബംഗ്ലാദേശിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. നസ്മുല്‍ ഹുസൈന് ഷാന്റോ നയിക്കുന്ന ബംഗ്ലാദേശിന്റെ പ്രധാന കടമ്പ ഗ്രൂപ്പ് ഘട്ടം കടക്കുക എന്നതാണ്.
ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കു മാത്രമാണ് സെമി ഫൈനല്‍ സ്ഥാനം ലഭിക്കുക. അതുകൊണ്ടുതന്നെ ഇന്ത്യ, പാക്കിസ്ഥാന്, ന്യൂസിലന്‍ഡ് ടീമുകളുടെ സെമി മോഹങ്ങള്‍ക്കുമേല്‍ കരിനിഴലാകുകയാണ് ബംഗ്ല കടുവകളുടെ ലക്ഷ്യം. 20ന് ഇന്ത്യക്കെതിരേയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം.