പത്തു വർഷം; പത്തടി പിന്നോട്ട്; ഇതോ കേരള മോഡൽ?
Wednesday, February 19, 2025 3:14 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കായിക തലപ്പത്തു കിടമത്സരം അതിരൂക്ഷമായപ്പോള്‍ കായികതാരങ്ങളുടെ പോരാട്ടവീര്യം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയുള്ള ദേശീയ ഗെയിംസിലെ മെഡല്‍ എണ്ണം ഇതു വെളിപ്പെടുത്തുന്നു.
കേരളം ആതിഥേയത്വം വഹിച്ച 2015ലെ ദേശീയ ഗെയിംസില്‍ 54 സ്വര്‍ണവും 48 വെള്ളിയും 60 വെങ്കലവും ഉള്‍പ്പെടെ 162 മെഡലുകളുമായി കേരളം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പത്തു വര്‍ഷത്തിനിപ്പുറം ഉത്തരാഖണ്ഡില്‍ 38-ാം ദേശീയ ഗെയിംസിലെ കേരളത്തിന്റെ മെഡല്‍ സമ്പാദ്യം 13 സ്വര്‍ണവും 17 വെള്ളിയും 24 വെങ്കലുമുള്‍പ്പെടെ 54 മാത്രം.
2015ല്‍ കേരളത്തിനു മുന്നിലുണ്ടായിരുന്ന സര്‍വീസസ് ഇക്കുറിയും തങ്ങളുടെ സ്ഥാനം ഒന്നാമതുതന്നെ ഉറപ്പിച്ചപ്പോള്‍ കേരളത്തിന്റെ സ്ഥാനം 14ലേക്കു കൂപ്പുകുത്തി. സംസ്ഥാനത്തെ കായിക മന്ത്രാലയവും കേരളാ ഒളിമ്പിക് അസോസിയേഷനും വിവിധ കായിക അസോസിയേഷനുകളും ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചുവെന്നാണ് ഈ കണക്കുള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് സ്പോര്‍ട്സ് കൗണ്‍സിലും വോളിബോള്‍ അസോസിയേഷനും തമ്മിലുള്ള പടലപ്പിണത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, ആ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന കായിക മന്ത്രാലയത്തിനു സാധിച്ചില്ല. ഒടുവില്‍ കോടതി ഇടപെടലിനെത്തടര്ന്നാണ് വോളിബോള്‍ ടീമിന് ഇക്കുറി ദേശീയ ഗെയിംസില്‍ പങ്കെടുക്കുവാന്‍ സാധിച്ചത്. പങ്കെടുത്ത പുരുഷ-വനിതാ ടീമുകള്‍ മെഡല്‍ നേട്ടം സ്വന്തമാക്കി. അസോസിയേഷനുകളും കായികമന്ത്രാലയവും തമ്മിലുള്ള ശീതസമരം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ കേരള കായിക മേഖലയുടെ അവസ്ഥ അതി ദയനീയമാകുമെന്നുറപ്പ്.
താരങ്ങളെ തേടിപ്പിടിച്ച കാലം
2015-ല്‍ പത്മിനി തോമസ് സ്പോര്ടസ് കൗണ്‍സില്‍ പ്രസിഡന്റും ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് സെക്രട്ടറിയുമായിരുന്ന സമയത്താണ് അടുത്ത കാലത്തെ ഏറ്റവും മികച്ച മെഡല്‍ നേട്ടം നാഷ്ണല്‍ ഗെയിംസില്‍ കേരളത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. അതില്‍ പ്രധാന ഘടകങ്ങളില്‍ ഒന്ന് കേരളത്തിലെ താരങ്ങളോടൊപ്പം കേരളത്തിനു പുറത്ത് മികച്ച രീതിയില്‍ പ്രകടനം നടത്തുന്ന മലയാളി താരങ്ങളെക്കൂടി കേരളത്തിന്റെ ജഴ്സിയില്‍ മത്സരത്തിനിറക്കിയതായിരുന്നു.
ഇതിനായി ദേശീയ ഗെയിംസ് ആരംഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പു തന്നെ പദ്ധതി തയാറാക്കിയതായി അന്നത്തെ സെക്രട്ടറി ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് പറഞ്ഞു. മെഡല്‍ നേട്ടത്തിനു പാരിതോഷികവും സര്‍ക്കാര്‍ ജോലി ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളും നല്‍കിയാണ് താരങ്ങളെ കേരളത്തിന്റെ ജഴ്സിയിലിറക്കിയത്. ദീര്‍ഘദൂര ഇനങ്ങളില്‍ ഒ.പി. ജെയ്ഷയും ജംപിംഗില് രഞ്ജിത് മഹേശ്വരിയും നീന്തല്‍ക്കുളത്തില്‍നിന്നും സജന് പ്രകാശും നിരവധി സുവര്‍ണ നേട്ടങ്ങളാണ് അന്ന് കേരളത്തിന് സമ്മാനിച്ചത്.
ഇക്കുറി കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള താരങ്ങളെപ്പോലും ദേശീയ ഗെയിംസില്‍ പങ്കെടുപ്പിക്കുവാന്‍ അധികാരികള്‍ക്കു കഴിഞ്ഞില്ല. ഓഫ് സീസണ് ആയതിനാല്‍ അത്ലറ്റിക്സില് പലരും മത്സരത്തിനു താത്പര്യം പ്രകടിപ്പിച്ചില്ല.
എന്നാല്‍, സംസ്ഥാനത്തിന്റെ അഭിമാനമായി കണ്ട് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കായിക വകുപ്പിന്റെ ഭാഗത്തുനിന്നു കൂടുതല്‍ സമ്മര്‍ദമുണ്ടായിരുന്നെങ്കില്‍ എല്‍ദോ പോളും മുഹമ്മദ് അനസും അബ്ദുള്ള അബൂബക്കറുമെല്ലാം പോരാട്ടത്തിനിറങ്ങി കേരളത്തിന്റെ മെഡല്‍ക്കൊയ്ത്തിനു പെരുമയേകുമായിരുന്നു.