കായിക മേലാളന്മാര് തമ്മില്‍ തല്ല്; താരങ്ങള്‍ക്കു ഭക്ഷണക്കാശുമില്ല, ജീവനക്കാര്‍ക്കു ശമ്പളവുമില്ല
Tuesday, February 18, 2025 1:29 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: സംസ്ഥാന കായിക മന്ത്രിയും കേരള ഒളിമ്പിക് അസോസിയേഷനും പക്ഷംതിരിഞ്ഞു വാക്ക്പോര് നടത്തുമ്പോള്‍ രണ്ടു കൂട്ടരും സംസ്ഥാനത്തെ കായികതാരങ്ങളുടെയും സ്പോര്‍ട്സ് കൗണ്‍സില്‍ ജീവനക്കാരുടെയും ദയനീയാവസ്ഥ കണ്ടില്ലെന്നു നടിക്കുന്നു.
കായിക മേഖലയിലേക്കു കോടികളുടെ നിക്ഷേപം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ച കായിക മന്ത്രിക്കു സ്വന്തം സംസ്ഥാനത്തെ കായിക താരങ്ങളുടെ ഭക്ഷണക്കാശോ, തന്റെ ഓഫീസിനു 100 മീറ്റര്‍ മാത്രം അകലെയുള്ള കേരളാ സ്പോര്‍ട്സ് കൗണ്‍സിൽ ജീവനക്കാര്‍ക്കുള്ള ശമ്പളമോ കിട്ടാത്തതില്‍ യാതൊരു ആശങ്കയുമില്ല. ഒളിമ്പിക് അസോസിയേഷന്റെ നിലപാടും ഇതുപോലെ തന്നെ.
മാസങ്ങളായി കുടിശികയായ കായികതാരങ്ങളുടെ ദിനബത്ത ഉള്‍പ്പെടെ കൊടുക്കാന്‍ അധികാരികള്‍ക്കു മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യങ്ങളില്‍ കേരള ഒളിമ്പിക് അസോസിയേഷന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. അടുത്തകാലം വരെ ഒളിമ്പിക് അസോസിയേഷനും കായിക മന്ത്രാലയവും സൗഹാര്‍ദപരമായ രീതിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ വരെ ഒളിമ്പിക് അസോസിയേഷന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ കായികമന്ത്രാലയവും ഒളിമ്പിക് അസോസിയേഷനും ഇരു ചേരിയിലായതിന്റെ കാരണമെന്തെന്നു വ്യക്തമല്ല.
സംസ്ഥാനത്തെ സ്കൂള്‍, കോളജ് ഹോസ്റ്റലുകളിലും സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലുമുള്ള കായിക താരങ്ങള്‍ക്കുള്ള ഭക്ഷണ അലവന്‍സ് ഈ അധ്യയന വര്‍ഷം ജൂണ്‍, ജൂലൈ എന്നീ രണ്ടു മാസത്തേതു മാത്രമാണ് നല്‍കിയത്.
ആറു മാസമായി ഹോസ്റ്റലുകള്‍ക്ക് പണം കിട്ടാതായതോടെ ഇവിടങ്ങളിലെ താരങ്ങളുടെ സ്ഥിതി ദയനീയമാണ്. കൂടാതെ കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ സംസ്ഥാന ഓഫീസിലും ജില്ലാ ഓഫീസുകളിലുമുള്ള ജീവനക്കാരുടെ ശമ്പളവും കുടിശികയായിട്ട് മാസങ്ങളായി.
സ്ഥിരം ജീവനക്കാര്‍ക്ക് ഡിസംബര്‍, ജനുവരി മാസങ്ങളിലെയും താത്കാലിക ജീവനക്കാര്‍ക്കു നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലെയും ശമ്പളമാണ് കുടിശികയായിട്ടുള്ളത്. ഇതൊക്കെ എന്നു നല്കുമെന്നു പോലും പറയാന്‍ കഴിയാത്ത മേലാളന്മാരാണ് കായികമേഖലയുടെ പേരില്‍ തമ്മില്‍ തല്ലുന്നത്.
നിലവിലുണ്ടായിരുന്ന സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ പലതിന്റെയും പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാണ്. പുതുതായി ഒരു ഹോസ്റ്റല്‍ പോലും അനുവദിക്കാന്‍ കഴിഞ്ഞില്ല. എല്ലാ വര്‍ഷവും നല്‍കേണ്ട സ്പോര്‍ട്സ് കിറ്റുകളുടെ വിതരണം പോലും കൃത്യമായി നടത്താന്‍ കഴിയുന്നില്ല.
സ്ഥിരം പരിശീലകരുടെ നിരവധി ഒഴിവുകള്‍ ഉണ്ടായിട്ടും കൃത്യമായി നിയമനം നടത്താത്തവരാണ് കായികമേഖലയിലേക്ക് നിക്ഷേപം വരുന്നു എന്ന വാദ്ഗാനങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നത്. കായികതാരങ്ങളില്ലെങ്കില് പിന്നെന്തു കായിക വികകസനമെന്ന് ഈ മേഖലയിലുള്ളവര്‍ ചോദിക്കുന്നു.
തമ്മില്‍ തല്ലാതെ താരങ്ങളുടെ പട്ടിണി മാറ്റാന്‍ നടപടി കൈക്കൊള്ളാനാണ് കായിക മേലാളന്മാര് ശ്രമിക്കേണ്ടതെന്നാണ് കായിക മേഖലയോട് താത്പര്യമുള്ളവരുടെ അഭിപ്രായം.