രഞ്ജി ട്രോഫി സെമിയില്‍ ആദ്യദിനം കേരളം മികച്ച നിലയിൽ
Tuesday, February 18, 2025 1:29 AM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് 2024-25 സീസണ് സെമിയില്‍ ഗുജറാത്തിനെതിരേ ആദ്യദിനം കേരളം മികച്ച നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ആദ്യദിനം അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എടുത്തു.
ക്യാപ്റ്റന്‍ സച്ചിന് ബേബി 69 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നതാണ് കേരളത്തിന്റെ ആദ്യദിന പോരാട്ടത്തില്‍ ശ്രദ്ധേയം. ഇന്ത്യന്‍ താരം രവി ബിഷ്ണോയ് അടങ്ങുന്ന ഗുജറാത്ത് ബൗളിംഗ് ആക്രമണത്തെ കേരള ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ആദ്യദിനം മികച്ചരീതിയില്‍ പ്രതിരോധിച്ചു.
പതിഞ്ഞ തുടക്കം
ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കാഷ്മീരിനെതിരായ ഒന്നാം ഇന്നിംഗ്സില്‍ 200/9 എന്ന നിലയില്‍ തകര്ന്നതില്നിന്നു പാഠം ഉള്‍ക്കൊണ്ട് സെമിയില്‍ കേരളം ഇന്നിംഗ്സ് പടുത്തുയര്‍ത്തി. വിക്കറ്റ് സംരക്ഷിച്ചുള്ള പതിഞ്ഞ തുടക്കമായിരുന്നു കേരള ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും രോഹന് കുന്നുമ്മലും നടത്തിയത്. 20.4 ഓവറില്‍ 60 റണ്‍സ് എത്തിയപ്പോള്‍ അക്ഷയ് ചന്ദ്രന് റണ്ണൗട്ടിലൂടെ പുറത്ത്. 71 പന്തില്‍ 30 റണ്‍സായിരുന്നു അക്ഷയ് നേടിയത്.
അക്ഷയ് പുറത്തായത് ഉള്‍പ്പെടെ 45 മിനിറ്റിനുള്ളില്‍ 26 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ കേരളത്തിനു നഷ്ടമായി. രോഹന് കുന്നുമ്മല്‍ (68 പന്തില്‍ 30), വരുണ്‍ നയനാര്‍ എന്നിവരായിരുന്നു അക്ഷയ് ചന്ദ്രനു പിന്നാലെ കൂടാരം കയറിയത്.
രോഹനെ രവി ബിഷ്ണോയ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് അരങ്ങേറ്റ ഇന്നിംഗ്സില്‍ വരുണ്‍ നായര്‍ എതിര് ബൗളര്‍മാരെ പ്രതിരോധക്കോട്ടകെട്ടി ചെറുത്തുനിന്നു. 55 പന്ത് നേരിട്ട വരുണ്‍ ഒരു ഫോറിന്റെ സഹായത്തോടെ 10 റണ്‍സ് എടുത്തശേഷമാണ് ക്രീസ് വിട്ടത്.
സച്ചിന് കൂട്ടുകെട്ട്
സച്ചിനും ജലജ് സക്സേനയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ആദ്യ രക്ഷാപ്രവര്‍ത്തനം നടത്തി. ജലജും (83 പന്തില്‍ 30) സ്ലോ ബാറ്റിംഗ് ആയിരുന്നു കാഴ്ചവച്ചത്. സ്കോര്‍ 157ല്‍ നില്ക്കുമ്പോള് ജലജ് പുറത്ത്. അതോടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് അസ്ഹറുദ്ദീന് ക്രീസിലേക്ക്. തിടുക്കപ്പെട്ട് റണ്‍സ് നേടാന്‍ അസ്ഹറുദ്ദീനും ശ്രമിച്ചില്ല. എങ്കിലും സച്ചിനും അസ്ഹറുദ്ദീനും ചേര്‍ന്ന് കേരള സ്കോര്‍ 200 കടത്തി.
89 ഓവര്‍ എറിഞ്ഞ ആദ്യദിനം 206/4 എന്ന സ്കോറില്‍ കേരളം ഇന്നിംഗ്സ് അവസാനിപ്പിച്ച് ക്രീസ് വിട്ടു. 193 പന്ത് നേരിട്ട് എട്ട് ഫോറിന്റെ സഹായത്തോടെയാണ് സച്ചിന് ബേബി 69 റണ്‍സുമായി ക്രീസില്‍ തുടരുന്നത്. 66 പന്തില്‍ മൂന്നു ഫോറിന്റെ സഹായത്തോടെ 30 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീനും ക്രീസിലുണ്ട്.
തകര്‍ത്തടിച്ച് വിദര്‍ഭ
നാഗ്പുരില്‍ നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈക്കെതിരേ വിദര്‍ഭയ്ക്കു മികച്ച തുടക്കം. ആദ്യദിനം മത്സരം അവസാനിക്കുമ്പോള്‍ വിദര്‍ഭ ഒന്നാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി.
ധ്രുവ് ഷോറെ (74), ഡാനിഷ് മലേവാര്‍ (79) എന്നിവര്‍ വിദര്‍ഭയ്ക്കുവേണ്ടി അര്‍ധസെഞ്ചുറി സ്വന്തമാക്കി.