ദേശീയ സ്കൂള്‍ ബാഡ്മിന്റണിനുള്ള കേരള ടീമിന്റെ ട്രെയിൻ യാത്ര മുടങ്ങി, ഇന്നു വിമാനത്തിൽ പുറപ്പെടും
Thursday, November 14, 2024 10:56 PM IST
കൊച്ചി: ദേശീയ സ്കൂള്‍ ബാഡ്മിന്റണ്‍ മത്സരത്തിനായി മധ്യപ്രദേശിലെ ഭോപ്പാലിലേക്കു പോകാനെത്തിയ കേരളസംഘം എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ കുടുങ്ങി. ബുക്ക് ചെയ്ത ടിക്കറ്റ് കണ്‍ഫേം ആകാതിരുന്നതിനെത്തുടര്ന്നാണു യാത്ര തടസപ്പെട്ടത്.
ഇതോടെ കായികതാരങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും രാത്രിവരെ റെയില്‍വെ സ്റ്റേഷനില്‍ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ വിദ്യാഭ്യാസ വകുപ്പുമായുള്ള ചര്‍ച്ചയില്‍ ഇന്നു വിമാനമാര്‍ഗം ഭോപ്പാലിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.
എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍നിന്ന് ഉച്ചയ്ക്ക് 1.20നുള്ള മംഗള - ലക്ഷദ്വീപ് എക്സ്പ്രസിലായിരുന്നു കായികതാരങ്ങള്‍ക്കു പോകേണ്ടിയിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍നിന്നായി ജൂണിയര്‍,സീനിയര്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന 20 താരങ്ങളും രണ്ടു ടീം മാനേജര്‍മാരും ഒരു കോച്ചുമടക്കം 23 പേരാണ് രാവിലെ 11 ഓടെ സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്.
എമര്‍ജന്‍സി ക്വാട്ടയില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും രണ്ടുപേര്‍ക്കു മാത്രമേ ടിക്കറ്റ് കണ്ഫേമായുള്ളൂ. ശേഷിക്കുന്നവര്‍ ട്രെയിനില്‍ കയറാനും കേരളം വിടുന്നതിനു മുമ്പ് ടിക്കറ്റ് ഉറപ്പാക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചെങ്കിലും രക്ഷാകര്ത്താക്കള് സമ്മതിച്ചില്ല. ഇതേത്തുടര്‍ന്നാണു യാത്ര മുടങ്ങിയത്. ഇവരെ കൂടാതെ ആലുവയില്‍നിന്ന് ഒരാളും തൃശൂരില്‍നിന്ന് രണ്ടുപേരും കോഴിക്കോടുനിന്ന് നാലുപേരുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
യാത്ര മുടങ്ങിയത് വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഇടപെട്ട് താരങ്ങളെ വിമാനത്തില്‍ കൊണ്ടുപോകാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. വിമാന ടിക്കറ്റെടുക്കാന്‍ തൊഴില്‍വകുപ്പിനു കീഴിലുള്ള ഒഡെപെക്കിന് നിര്‍ദേശം നല്കി. ഇന്നു രാവിലെ ഒന്‍പതോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ഇവർ യാത്ര തിരിക്കും.
ഒമ്പതു പേരാണ് കൊച്ചിയില്‍നിന്നു പോകുന്നത്. ശേഷിക്കുന്നവര്‍ കോഴിക്കോട്ടുനിന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പുറപ്പെടുന്ന വിമാനത്തിലും യാത്ര തിരിക്കും. 15,000 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് ചാര്‍ജ്.