ബംഗ്ലാദേശ് സെമിയിൽ
Wednesday, July 24, 2024 11:53 PM IST
ധാംബുള്ള: വനിത ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റിൽ ബംഗ്ലാദേശ് സെമി ഫൈനലിൽ. ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ് അവസാന മത്സരത്തിൽ മലേഷ്യയെ 114 റണ്‍സിനു കീഴടക്കി. ജയത്തോടെ ബംഗ്ലാദേശ് ഗ്രൂപ്പിൽ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
ഇത്രതന്നെ പോയിന്റുള്ള ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. ടോസ് നേടി ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുർഷിദ ഖാത്തൂണ്‍ (80), നിഗർ സുൽത്താന (62*) എന്നിവരുടെ മികവിൽ 20 ഓവറിൽ രണ്ടു വിക്കറ്റിന് 191 റണ്‍സ് നേടി. ദിലാര അക്തർ (33) മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിംഗിൽ മലേഷ്യക്ക് 20 ഓവറിൽ എട്ടു വിക്കറ്റിന് 77 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. എൽസ ഹണ്ടർ(20) ആണ് ടോപ് സ്കോറർ. മലേഷ്യക്കു ഗ്രൂപ്പിൽ ഒരു ജയം പോലും നേടാനായില്ല.
തോല്‍ക്കാതെ ലങ്ക
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ശ്രീലങ്ക പത്തു വിക്കറ്റുകള്‍ക്ക് തായ്ലന്‍ഡിനെ തോല്‍പ്പിച്ചു. ശ്രീലങ്കയുടെ ജയത്തോടെ ബംഗ്ലാദേശ് സെമിയിലെത്തുകയും ചെയ്തു. ഗ്രൂപ്പില്‍നിന്ന് ശ്രീലങ്ക തോല്‍വി അറിയാതെയാണ് സെമിയിലെത്തിയത്. തായ്ലന്‍ഡിനു രണ്ടു പോയിന്റാണുള്ളത്.
ടോസ് നേടി ബാറ്റ് ചെയ്ത തായ്ലന്ഡ് 20 ഓവറില്‍ ഏഴുവിക്കറ്റിന് 93 റണ്‍സ് നേടി. 47 റണ്‍സുമായി പുറത്താകാതെനിന്ന നന്നപ്പാട്ട് കൊഞ്ചരോയെങ്കൈയാണ് തായ്ലന്‍ഡിന്റെ ടോപ്സ്കോറര്‍.
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ചാമരി അട്ടപ്പട്ടുവിന്റെയും (49), വിശ്മി ഗുണരത്നെയുടെയും (39) മികവില്‍ 11.3 ഓവറില്‍ ലങ്ക 94 റണ്‍സ് നേടി.