ഇന്ത്യയെ കുടുക്കി
Wednesday, March 26, 2025 12:59 AM IST
ഷില്ലോംഗ്: എഎഫ്സി 2027 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്കു സമനില. ഹോം മത്സരത്തിൽ ഇന്ത്യ അയൽക്കാരായ ബംഗ്ലാദേശുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് സിയിൽ ഇന്ത്യയുടെ പോരാട്ടം ഒരു പോയിന്റ് നേട്ടത്തോടെ തുടങ്ങി. ഹോങ്കോംഗ്, സിംഗപ്പുർ ടീമുകളാണ് ഗ്രൂപ്പിൽ ഇന്ത്യക്കൊപ്പമുള്ളത്.
ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്തതോടെയാണ് ഇന്ത്യക്കു പോയിന്റ് പങ്കുവയ്ക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം സൗഹൃദ മത്സരത്തിൽ മാലദ്വീപിനെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയ ഇന്ത്യൻ ടീമിന്റെ നിഴലായിരുന്നു ഇന്നലെ കളത്തിൽ.
489 ദിനത്തിനുശേഷമായിരുന്നു ഇന്ത്യ ഒരു ജയം സ്വന്തമാക്കിയത്. മാനോലൊ മാർക്വേസിന്റെ ശിക്ഷണത്തിനു കീഴിലെ ആദ്യ ജയമായിരുന്നു മാലദ്വീപിന് എതിരായതെന്നതും ശ്രദ്ധേയം.
ജയപ്രതീക്ഷ ഫലമണിയിക്കാതെയാണ് ഇന്ത്യ ഇന്നലെ മൈതാനം വിട്ടത്. വെറ്ററൻ താരം സുനിൽ ഛേത്രി സ്റ്റാർട്ടിംഗ് ഇലവനിൽ ഇറങ്ങി. ഇംഗ്ലീഷ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡിനുവേണ്ടി കളിക്കുന്ന ഹംസ ചൗധരി ബംഗ്ലാദേശിനായും സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടായിരുന്നു.