ഷൂട്ടൗട്ടിലെ ബോട്ടിൽ ആർട്ട്
Monday, July 8, 2024 1:23 AM IST
ഡുസൽഡോർഫ്/ലാസ് വേഗസ്: യുവേഫ യൂറോ കപ്പിലും കോപ്പ അമേരിക്കയിലും മണിക്കൂറുകളുടെ ഇടവേളയിൽ അരങ്ങേറിയ രണ്ട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾ കീപ്പർമാരുടെ ബോട്ടിൽ ആർട്ട് തരംഗമായി. വാട്ടർ ബോട്ടിലിൽ എതിർ ടീം അംഗങ്ങളുടെ പെനാൽറ്റി കിക്ക് ഏതുഭാഗത്തേക്കായിരിക്കും എന്നുള്ള സൂചനകൾ ഒട്ടിച്ചായിരുന്നു സ്വിറ്റ്സർലൻഡിനെതിരേ ഇംഗ്ലീഷ് ഗോൾ കീപ്പർ ജോർദാൻ പിക്ഫോഡും ബ്രസീലിനെതിരേ ഉറുഗ്വെയുടെ സെർജിയോ റോഷെറ്റും ഇറങ്ങിയത്.
യൂറോ കപ്പ് ക്വാർട്ടറിൽ ഇംഗ്ലീഷ് ഗോൾ കീപ്പർ ബോട്ടിലിലെ നിർദേശമനുസരിച്ച് കൃത്യമായി ചാടി. സ്വിറ്റ്സർലൻഡിന്റെ മനുവൽ അകൻജിയുടെ ഷോട്ട് തട്ടിത്തെറിപ്പിച്ച് ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചു. ഷക്കീരിയുടെ പെനാൽറ്റി കിക്കിനായുള്ള പിക്ഫോഡിന്റെ ചാട്ടവും കൃത്യമായിരുന്നു. എന്നാൽ, പവർ ഷോട്ട് തടയാൻ ഇംഗ്ലീഷ് ഗോൾ കീപ്പറിനു സാധിച്ചില്ല. ഷൂട്ടൗട്ടിൽ 5-3ന്റെ ജയത്തോടെ ഇംഗ്ലണ്ട് സെമിയിലെത്തി.
ബ്രസീലിനെതിരായ കോപ്പ ക്വാർട്ടർ ഫൈനലിൽ ഉറുഗ്വെയുടെ ഗോളി റോഷെറ്റ് എത്തിയതും വാട്ടർ ബോട്ടിലിൽ താരങ്ങളുടെ പെനാൽറ്റി കിക്ക് ഏതു ഭാഗത്തേക്കായിരുന്നു എന്നു കുറിച്ചായിരുന്നു. ബ്രസീലിന്റെ ആദ്യകിക്കെടുത്ത എഡർ മിലിറ്റോയുടെ ഷോട്ട് റോഷെറ്റ് തടഞ്ഞു. ഷൂട്ടൗട്ടിൽ 4-2ന്റെ ജയത്തോടെ ഉറുഗ്വെ സെമിയിൽ പ്രവേശിച്ചു.