യൂറോയിൽ കറുത്ത കുതിരകളാകാൻ
Friday, June 14, 2024 1:17 AM IST
യൂറോ കപ്പ് എക്കാലത്തും അദ്ഭുതങ്ങൾ നിറച്ച ചരിത്രമുള്ളതാണ്. വൻപ്രതീക്ഷയുള്ള ടീമുകൾ അപ്രതീക്ഷിത തോൽവി നേരിടുകയും ഒരു പ്രതീക്ഷയുമില്ലാത്ത ടീമുകൾ വിസ്മയ മുന്നേറ്റം തീർക്കുന്നിടവുമാണു യൂറോ വേദികൾ. ഇത്തവണ ജർമനി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റും ആശ്ചര്യങ്ങളുടെ പാക്കേജാകും ഒരുക്കുക. അദ്ഭുതങ്ങൾക്കു സാധ്യതയുള്ള ടീമുകൾ.
ക്രൊയേഷ്യ
ഗ്രൂപ്പ് ബിയിലുള്ള ക്രൊയേഷ്യ യൂറോ 2024 നേടാൻ സാധ്യത കല്പിക്കപ്പെടുന്ന ടീമാണ്. വലിയ ടൂർണമെന്റുകളിൽ ഒരിക്കലും ആരുടെയും ഫേവറിറ്റുകളാകാത്ത ടീമാണു ക്രൊയേഷ്യ. എന്നാൽ ടൂർണമെന്റിലെത്തിയാൽ ആശ്ചര്യങ്ങൾ തീർക്കാൻ കെൽപ്പുള്ളവരെന്ന് കഴിഞ്ഞ രണ്ടു ലോകകപ്പുളില് തെളിയിയിച്ചതാണ്. ഏകദേശം 18 മാസം മുന്പാണ് ക്രൊയേഷ്യ ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരായത്. റഷ്യയിൽ നടന്ന ലോകകപ്പിൽ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ക്രൊയേഷ്യയുടെ എക്കാലത്തെയും മികച്ച കളിക്കാരനായ ലൂക്ക മോഡ്രിച്ചിന്റെ വിടവാങ്ങൽ ടൂർണമെന്റ്കൂടിയാകും ഇത്.
അവരുടെ ക്യാപ്റ്റനുംകൂടിയായ മോഡ്രിച്ചിന് ഒരു അന്താരാഷ്ട്ര കിരീടത്തോടുകൂടിയ യാത്രയയപ്പ് ഒരുക്കാനുള്ള അവസാന അവസരമാണ്. മോഡ്രിച്ചിനെക്കൂടാതെ ഇവാൻ പെരിസിച്ച് പോലുള്ള നിരവധി കഴിവുള്ള കളിക്കാർ നിറഞ്ഞതാണ് സ്ലാട്കോ ഡാലിച്ച് പരിശീലിപ്പിക്കുന്ന ടീം. സ്പെയിൻ, ഇറ്റലി എന്നീ വന്പന്മാർ നിറഞ്ഞ ഗ്രൂപ്പിൽനിന്ന് മുന്നോട്ടു കടക്കുക പ്രയാസമാണ്. കടന്നുകിട്ടിയാൽ കൂടുതൽ വിസ്മയം തീർക്കുമെന്ന് ഉറപ്പാണ്.
തുർക്കി
യൂറോ യോഗ്യതയിൽ ക്രൊയേഷ്യയെ പിന്നിലാക്കി ഗ്രൂപ്പിൽ ഒന്നാമതായി യൂറോ കപ്പിനു യോഗ്യത നേടിവരാണു തുർക്കി. മുൻ റോമ, ഇറ്റാലിയൻ സ്ട്രൈക്കർ വിൻസെൻസോ മോണ്ടെലയെ കഴിഞ്ഞ സെപ്റ്റംബറിൽ പരിശീലകനാക്കിയശേഷം തുർക്കിയുടെ ഫുട്ബോൾ കളിക്കു കൂടുതൽ സൗന്ദര്യമുണ്ടായി. പ്ലേമേക്കർ ഹക്കൻ കൽഹനാഗ്ലു നയിക്കുന്ന മധ്യനിര ശക്തമാണ്. റയൽ മാഡ്രിഡിനൊപ്പമുള്ള അരങ്ങേറ്റ സീസണ് തന്നെ മികച്ചതാക്കിയ അർദ ഗുലറുടെ പ്രകടനമാകും ഉറ്റുനോക്കുക.
റൊമാനിയ
റൊമാനിയ ഒരു മികച്ച ടൂർണമെന്റ് ടീമാണെന്ന് തോന്നുന്നു. യോഗ്യതാ ഗ്രൂപ്പിൽ ഒന്നാമതെത്തി എന്നു മാത്രമല്ല, ഒരു കളി പോലും തോറ്റില്ല. അവരുടെ ഫുട്ബോൾ പ്രത്യേകിച്ച് ആവേശകരമാകില്ല, പക്ഷേ, അവർക്ക് ഏവരെയും ഭയപ്പെടുത്തുന്ന ഒരു പ്രതിരോധ യൂണിറ്റുണ്ട്. ഈ ടൂർണമെന്റിന്റെ കഴിഞ്ഞ കുറച്ച് ആവർത്തനങ്ങൾ കാണിക്കുന്നതു പോലെ, നിങ്ങൾക്ക് ഗ്രൂപ്പ് ഘട്ടങ്ങളിലൂടെ കടന്നുപോകാൻ മൂന്നു സമനിലകൾ മതിയാകും. അതിനുശേഷം എന്തും സംഭവിക്കാം.
ഹംഗറി
വെറുതെയങ്ങ് തഴയാൻ പറ്റാത്ത ടീമാണ് ഹംഗറി. 2022 ജൂണ് 14ന് നേഷൻസ് ലീഗ് ഫുട്ബോളിൽ, ഇംഗ്ലണ്ടിനു ഹംഗറി ഒരു പാഠം നൽകിയതാണ്. 4-0ന്റെ വൻ തോൽവിയാണ് ഇംഗ്ലണ്ട് നേരിട്ടത്. ഗാരെത് സൗത്ത്ഗേറ്റ് ഇംഗ്ലണ്ട് പരിശീലകനായ ശേഷം ഏറ്റവും വലിയ തോൽവിയും 94 വർഷത്തിനിടയിലെ ഏറ്റവും മോശം തോൽവിയുമാണ് ഇംഗ്ലണ്ട് നേരിട്ടത്. അതിനുശേഷം ആ ടീമിൽ വളരെയധികം മാറിയിട്ടില്ല, ടൂർണമെന്റിനു മുന്പുള്ള സൗഹൃദ മത്സരത്തിൽ അയർലൻഡിനോടു തോറ്റെങ്കിലും അപകടകാരികളാണ്.
ഡൊമിനിക് സോബോസ്ലായ് നയിക്കുന്ന ഹംഗേറിയൻ ആക്രമണ നിര യൂറോ 2024-ൽ എതിർനിരയിൽ കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാക്കാനുള്ള കെൽപ്പുള്ളവരാണ്.
ഓസ്ട്രിയ
റാൽഫ് റാംഗ്നിക്ക് ഓസ്ട്രിയൻ ദേശീയ ടീമിനെ ശരിക്കും മാറ്റിമറിച്ചു. ടീം മികച്ചതായി. ഗ്രൂപ്പ് അല്പം കഠിനമായിരിക്കാം, പക്ഷേ അവർ കളിക്കുന്ന രീതി ആളുകളെ ഇതിനകം അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, അവർക്ക് വലിയ ടീമുകളെ വിഷമിപ്പിക്കാനും കഴിയും. ക്യാപ്റ്റൻ ഡേവിഡ് അലബയെ പരിക്കിനെത്തുടർന്ന് നഷ്ടമായെങ്കിലും റാംഗ്നിക്കിന്റെ ടീം ഇപ്പോഴും മികച്ച പ്രകടനമാണു പുറത്തെടുക്കുന്നത്.
യുക്രെയ്ൻ
തങ്ങളുടെ മാതൃരാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജർമൻ മണ്ണിൽ വിസ്മയം ഒരുക്കാനെത്തുന്നവരാണു യുക്രെയ്ൻ. പ്രശ്നമുണ്ടാക്കാൻ കഴിവുള്ളവർ ടീമിലുണ്ട്. ഈ സീസണിൽ ലാ ലിഗയുടെ ടോപ് സ്കോററായ ആർടെം ഡോബ്വിക്, മിഖൈലോ മുദ്രിക് എന്നിവരെല്ലാം അവരുടെ ദിനത്തിൽ അസാധാരണക്കാരാണ്.
അതേസമയം, ഒലെക്സാണ്ടർ സിൻചെങ്കോ, മൈക്കോള ഷാപാരെങ്കോ, വിക്ടർ സിഗാൻകോവ് എന്നിവർ കഴിവിന്റെയും അനുഭവത്തിന്റെയും മിശ്രണം വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വർഷം ഇംഗ്ലണ്ട്, ജർമനി (രണ്ട് തവണ), ഇറ്റലി എന്നിവയെ സമനിലയിൽ തളച്ചു.