ഇന്ത്യയുടെ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍ ഇന്നു നിര്‍ണായക മത്സരത്തിനിറങ്ങുന്നു
Thursday, October 23, 2025 2:05 AM IST
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനായി ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഇന്നു കളത്തില്‍. അഡ്ലെയ്ഡിലെ ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്നു രാവിലെ ഒമ്പത് മുതലാണ് മത്സരം.
മഴയില്‍ മുങ്ങിയ ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റിനു പരാജയപ്പെട്ട ഇന്ത്യക്ക്, ഇന്നു ജയിച്ചാല്‍ മാത്രമേ പരമ്പര സജീവമാക്കി നിര്‍ത്താന്‍ സാധിക്കൂ. 26 ഓവറാക്കി ചുരുക്കിയ പെര്‍ത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് എടുക്കാന്‍ സാധിച്ചത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ്. 21.1 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് ജയത്തിലെത്തുകയും ചെയ്തു. ഇന്നു ജയിച്ചില്ലെങ്കില്‍ മൂന്നു മത്സര ഏകദിന പരമ്പര ഇന്ത്യക്കു നഷ്ടപ്പെടും.
രോ-കോ
ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം ദേശീയ ജഴ്സിയിലേക്കു തിരിച്ചെത്തിയ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി. ഇന്നു രണ്ടാം ഏകദിനത്തില്‍ രോ-കോ സഖ്യത്തില്‍നിന്നും ഒരു മികച്ച ഇന്നിംഗ്സാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
രോ-കോ സഖ്യം മാത്രമല്ല, ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം പെര്‍ത്തിലെ ഓസീസ് പേസ് ആക്രമണത്തില്‍ നിലംപൊത്തിയിരുന്നു. 31 പന്തില്‍ 38 റണ്‍സ് നേടിയ കെ.എല്‍. രാഹുല്‍ ആയിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ജസ്പ്രീതം ബുംറയുടെ അഭാവത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ പേസ് നിരയ്ക്കും പെര്‍ത്തില്‍ ശോഭിക്കാന്‍ സാധിച്ചില്ല.
ഇന്ത്യ x ന്യൂസിലൻഡ്
മുംബൈ: ഐസിസി 2025 വനിതാ ഏകദിന ക്രിക്കറ്റിലും ഇന്ത്യക്കു നിര്‍ണായക പോരാട്ടം. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യയുടെ ഇന്നത്തെ എതിരാളികള്‍ സോഫി ഡിവൈന്റെ ക്യാപ്റ്റന്‍സിയിലുള്ള ന്യൂസിലന്‍ഡാണ്.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് ഇന്ത്യ x ന്യൂസിലന്‍ഡ് ലോകകപ്പ് പോരാട്ടം. ജയിച്ചാല്‍ സെമി ഫൈനലിലേക്ക് ഒരു ചുവടുകൂടി അടുക്കാം എന്ന അവസ്ഥയിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇന്നിറങ്ങുന്നത്.
ജയിച്ചാല്‍ സെമി സാധ്യത
ജയിച്ചാല്‍ സെമി സ്വപ്നത്തിലേക്ക് അടുക്കാമെന്നതുകൊണ്ടുതന്നെ പോരാട്ടത്തിന്റെ ചൂട് ഇരട്ടിക്കും. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും നാല് പോയിന്റ് വീതമാണ്. റണ്‍ റേറ്റില്‍ (+0.526) പ്ലസ് ഉള്ള ഇന്ത്യ നാലാം സ്ഥാനത്തും ന്യൂസിലന്‍ഡ് അഞ്ചാമതും. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ ഇതിനോടകം സെമി ഫൈനല്‍ ഉറപ്പിച്ചു.
ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി ഇന്ത്യ, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളാണ് രംഗത്തുള്ളത്. ഇന്നത്തേത് ഉള്‍പ്പെടെ ഇന്ത്യക്കും ന്യൂസിലന്‍ഡിനും രണ്ട് മത്സരങ്ങളുണ്ട്. ലങ്കയ്ക്ക് ഒരു മത്സരം മാത്രമാണുള്ളത്. ഇന്നു ജയിക്കുന്ന ടീമിന് ആറ് പോയിന്റാകും. എങ്കിലും അവസാന റൗണ്ടില്‍ മാത്രമേ സെമിയിലേക്കുള്ള നാലാം സ്ഥാനക്കാരുടെ ചിത്രം വ്യക്തമാകൂ.