ബോള്‍ ഉരുട്ടി രോഗത്തെ തോല്‍പ്പിച്ചു; ബോച്ചേയില്‍ താരമായി ദുര്‍ഗ പ്രിയ
Thursday, October 23, 2025 2:05 AM IST
ജിബിൻ കുര്യൻ
തിരുവനന്തപുരം: ജന്മനാ അപൂര്‍വ രോഗം. മൂന്നു മണിക്കൂറേ ജീവിക്കുകയുള്ളൂ എന്ന ഡോക്ടര്‍മാരുടെ വിധിയെഴുത്തിനെ അതിജീവിച്ച പെണ്‍കുട്ടി. 15-ാം ദിവസം ആദ്യ ശസ്ത്രക്രിയ. പത്തു വയസിനിടയില്‍ ശസ്ത്രക്രിയ ഒമ്പതു കഴിഞ്ഞു.
അരയ്ക്കു താഴെ തളര്‍ന്നു. വൃക്കകള്‍ തകരാറിലായി. കാലുകള്‍ക്കു ബലം കിട്ടാന്‍ മുട്ടു മുതല്‍ പാദം വരെ കഫോ ധരിച്ച് വീല്‍ച്ചെയറിലിരുന്നു അവള് വിജയത്തിലേക്കു പന്തുരുട്ടി.
ഇച്ഛാശക്തിയും മകള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച മാതാപിതാക്കളുടെ തണലിലാണ് തിരുവനന്തപുരം ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി എസ്.പി. ദുര്‍ഗപ്രിയ ബോച്ചേ മത്സരത്തിനെത്തിയത്. വെള്ളറട കള്ളിമൂട് ഗിരിനിലയത്തില് പ്രസന്നകുമാറിന്റെയും ഷിജിയുടെയും രണ്ടാമത്തെ മകളാണ് ദുര്‍ഗ.
മൈലോ മെനിന്ഗോസീല് (സ്പൈന ബൈഫിഡ്) എന്ന അപൂര്‍വ രോഗമാണ് ദുര്‍ഗയ്ക്ക്. നട്ടെല്ലിലെ കശേരുക്കളുടെ അടയാത്ത വിടവിലൂടെ സൂഷ്മനാനാഡിയുടെ ആവരണസ്താരം (മെനിന്‍ജസ്)സഞ്ചി പോലെ പുറത്തേക്കു തള്ളിവരുന്ന അവസ്ഥ. ജീവിതം വീല്ചെയറിലാകുമെന്ന് കരുതി മാതാപിതാക്കള്‍ മക്കളെ ഒന്നര വയസില്‍ ബംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച് ഏഴു ശസ്ത്രക്രിയകള്‍ നടത്തി. മൂന്നാം വയസില്‍ കഫോ ഇട്ട് നടക്കാന്‍ തുടങ്ങി.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇന്‍ക്ലൂസീവ് കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ ബോച്ചേ എന്ന പേരിട്ടിരിക്കുന്ന ബോക്സ് ബോള്‍ മത്സരത്തില്‍ പങ്കെടുക്കാനാണ് ചക്രകസേരയില്‍ ദുര്‍ഗ എത്തിയത്.
അമ്മ ഷിജി സ്കൂളിലും ഒപ്പമുണ്ടാകും. സഹായവുമായി മാനനും അമ്മയും സഹോദരി ദേവി പ്രിയയമുണ്ട്.
കോഴിക്കോടുള്ള കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിക്കായി മാസം 80,000 രൂപ വേണം. ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ഇതുവരെ ചികിത്സയ്ക്ക് ഒരു കോടിയിലധികം രൂപ ചെലവായി. ടിവിയിലെ പാട്ടുകള്‍ക്കൊപ്പം നൃത്തം ചെയ്ത് അഞ്ചാം വയസു മുതല്‍ നൃത്തം പഠിക്കന്‍ തുടങ്ങി. ശസ്ത്രക്രിയ ഇടയ്ക്ക് നൃത്ത പഠനത്തെ ബാധിച്ചെങ്കിലും ഇപ്പോള്‍ ഇരുന്നുകൊണ്ട് നൃത്തം കളിക്കും.
കലോത്സവ വേദിയില്‍ സംഘ നൃത്തം ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ വിജയിച്ചു. നൃത്തത്തിനു പുറമേ കീബോര്‍ഡും വയലിനും ഡ്രോയിംഗും ഒക്കെ ദുര്‍ഗ പ്രിയയ്ക്കു വഴങ്ങും.
രോഗത്തെ തോല്പിച്ച് ദുര്‍ഗപ്രിയ ഇതിനിടയില്‍ സിനിമയിലും അഭിനയിച്ചു. ഇറവന്‍ എന്ന സിനിമയില്‍ അഭിനിയച്ച ദുര്‍ഗ സ്വന്തം ജീവിത കഥ പ്രമേയമാകുന്ന പിടിഎ എന്ന സിനിമയിലും അഭിനയിച്ചുകഴിഞ്ഞു.