കണ്ണു നനച്ച്, ഹൃദയം കീഴടക്കി ഇവർ...
Thursday, October 23, 2025 2:05 AM IST
തിരുവനന്തപുരം: ട്രാക്കില്‍ കുതിച്ചും പന്തെറിഞ്ഞും തങ്ങളും താരങ്ങളാണെന്ന് അവര്‍ തെളിയിച്ചു. പരിമിതികളെ അവര്‍ മറന്നു വിജയം മാത്രമായിരുന്നു ലക്ഷ്യം. പരാജയപ്പെട്ടവരും വിജയികളോടൊപ്പം ചേര്‍ന്നു സന്തോഷത്തില്‍ പങ്കുചേര്‍ന്നു. നിങ്ങളെ ഞങ്ങള്‍ ചേര്‍ത്തുപിടിക്കുന്നു എന്നു പറഞ്ഞ് കാണികളും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.
സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് നടത്തിയ ഇന്‍ക്ലൂസീവ് കായികമേളയില്‍ 1944 താരങ്ങളാണ് മത്സരിക്കാനെത്തിയത്. ഇത്തവണ ഉള്‍പ്പെടുത്തിയ ബോ ചേ എന്നു പേരുള്ള ബോക്സ് ബോള്‍ മത്സരം കുട്ടികള്‍ക്ക് ആവേശമായി. 14 ജില്ലകളില്നിന്നുംനൂറോളം കായികതാരങ്ങളാണ് മത്സരിക്കാനെത്തിയത്.
അഞ്ചു പേരടങ്ങുന്ന രണ്ടു ടീമുകളാണ് മത്സരിക്കുന്നത്. നാലു മീറ്റര്‍ വീതിയും 20 മീറ്റര്‍ നീളവുമുള്ള കളത്തില്‍ ഇരുവശത്തും മൂന്നു മീറ്റര്‍ വീതമുള്ള ബോക്സ് അടയാളപ്പെടുത്തും ഈ ബോക്സില്‍ നിന്നും ടോസ് നേടുന്ന ടീം പലീന എന്നറിയപ്പെടുന്ന വെള്ള നിറത്തിലുള്ള ചെറിയ പന്ത് ഉരുട്ടും. പലീന ആദ്യ അവസരത്തില്‍ മധ്യവര കടക്കണം.
അന്തിമവര കടക്കാനും പാടില്ല. തുടര്‍ന്ന് ഇരു ടീമിലേയും ഓരോരുത്തരും മാറി മാറി ബോചെ ബോള്‍ ഉരുട്ടുകയുംചെയ്യും. പലീനയുടെ അടുത്തു കിടക്കുന്ന ബോളിന്റെ ടീമിനു ഒരു പോയിന്റ് ലഭിക്കും. അഞ്ചു പോയിന്റ് ആദ്യം നേടുന്ന ടീം വിജയിയാകും. ബെസ്റ്റ് ഓഫ് ത്രീ സെറ്റിലൂടെ ജേതാക്കളെ നിര്‍ണയിക്കും.
100 മീറ്റര്‍, മിക്സഡ് റിലേ, മിക്സഡ് സ്റ്റാന്‍ഡിംഗ് ലോംഗ്ജംപ്, ഹൈജംപ്, മിക്സഡ് ബാഡ്മിന്റണ്‍, ഹാന്‍ഡ് ബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍ തുടങ്ങിയ മത്സരങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.
ഭിന്നശേഷിയുള്ളവരുടെ കഴിവുകള്‍ സാക്ഷര കേരളത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഭിന്നശേഷിയുളള കുട്ടികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അവരെ മുഖ്യധാരയില്‍ ചേര്‍ത്തു നിര്‍ത്തുന്നതിനും വേണ്ടിയാണ് ഇന്‍ക്ലൂസീവ് കായികമേള സംഘടിപ്പിക്കുന്നത്.