പിഎസ്ജിയും ഡോർട്ട്മുണ്ടും ചാന്പ്യൻസ് ലീഗ് സെമിയിൽ
Thursday, April 18, 2024 1:53 AM IST
ബാഴ്സലോണ: എഫ്സി ബാഴ്സലോണയെ അവരുടെ സ്വന്തം കളത്തിൽ തോൽപ്പിക്കാനാകുമെന്ന് പാരീസ് സെന്റ് ജെർമയിൻ വീണ്ടും തെളിയിച്ചു.
യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ കിലിയൻ എംബപ്പെയുടെ ഇരട്ട ഗോൾ മികവിൽ പിഎസ്ജി 4-1ന് ബാഴ്സലോണയെ തകർത്ത് സെമി ഫൈനലിൽ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി 6-4ന്റെ ജയമാണ് പിഎസ്ജി നേടിയത്.
ചാന്പ്യൻസ് ലീഗ്/യൂറോപ്യൻ കപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഹോം മത്സരത്തിൽ ബാഴ്സലോണ രണ്ടാം തവണയാണ് നാലോ അതിനു മുകളിലോ ഗോൾ വഴങ്ങുന്നത്. രണ്ടും പിഎസ്ജിക്കെതിരേയായിരുന്നു (2021 ഫെബ്രുവരിയിൽ പ്രീക്വാർട്ടറിൽ 4-1ന്).
പാരീസിൽ നടന്ന ആദ്യപാദ മത്സരത്തിൽ ബാഴ്സലോണ 3-2ന് ജയിച്ചിരുന്നു. 61’ പെനാൽറ്റി, 89 മിനിറ്റുകളിലാണ് എംബപ്പെയുടെ ഗോളുകൾ. ഒൗസ്മാൻ ഡെംബെലെ (40’), വിതിഞ്ഞ (54’) എന്നിവരാണ് മറ്റ് ഗോൾ നേട്ടക്കാർ.
ബാഴ്സലോണയെ റാഫിഞ്ഞ 12-ാം മിനിറ്റിൽ മുന്നിലെത്തിച്ചതാണ്. 29-ാം മിനിറ്റിൽ റൊണാൾഡ് അരൗജൂ നേരിട്ട് ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ ബാഴ്സയുടെ താളം തെറ്റി. പിഎസ്ജി നാലാം തവണയാണ് സെമിയിലെത്തുന്നത്.
ഡോർട്മുണ്ട്: സ്വന്തം കളത്തിൽ തകർപ്പൻ ജയവുമായി ബൊറൂസിയ ഡോർട്മുണ്ട് യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനലിൽ. രണ്ടിനെതിരേ നാലു ഗോളിനാണ് ഡോർട്മുണ്ട് അത്ലറ്റിക്കോ മാഡ്രിഡിനെ തകർത്തെറിഞ്ഞത്. ആദ്യപാദത്തിൽ അത്ലറ്റിക്കോ 2-1ന് ജയിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 5-4ന്റെ ജയമാണ് ജർമൻ ക്ലബ് സ്വന്തമാക്കിയത്.
ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളടിച്ച് ഡോർമുണ്ട് തിരിച്ചുവരവിനുള്ള സൂചനകൾ നൽകി. എന്നാൽ, രണ്ടാംപകുതിയിൽ രണ്ടു ഗോൾ നേടി അത്ലറ്റിക്കോ തിരിച്ചടിച്ചു. പിന്നീട് മൂന്നു മിനിറ്റിനിടെ രണ്ടുഗോളുകൾ നേടി ഡോർമുണ്ട് ഗംഭീര തിരിച്ചുവരവിലൂടെ ജയം സ്വന്തമാക്കി.
ജൂലിയൻ ബ്രാൻഡ് (34’), ഇയാൻ മാറ്റ്സെൻ (39’), നിക്ലസ് ഫുൾക്രഗ് (71’), മാഴ്സൽ സാബിറ്റ്സർ (74’) എന്നിവരാണ് ഡോർട്മുണ്ടിനായി വലകുലുക്കിയത്.
49-ാം മിനിറ്റിൽ മാറ്റ് ഹമ്മൽസിന്റെ ഓണ്ഗോളിൽ ഒരു ഗോൾ മടക്കിയ അത്ലറ്റിക്കോയുടെ രണ്ടാം ഗോൾ എയ്ഞ്ചൽ കൊറേയ (64’) വകയായിരുന്നു.
നാലാം തവണയാണ് ബൊറൂസിയ ഡോർമുണ്ട് ചാന്പ്യൻസ് ലീഗ് സെമി ഫൈനലിൽ പ്രവേശിക്കുന്നത്. 2012-13നുശേഷം ആദ്യമായും.