മൂന്നാം സീസണ് പ്രൈം വോളിബോൾ നാളെ മുതൽ
Wednesday, February 14, 2024 12:39 AM IST
ചെന്നൈ: രാജ്യത്തെ ഏറ്റവും ആവേശകരമായ വോളിബോൾ പോരാട്ടത്തിനു നാളെ വിസിൽ മുഴങ്ങും. പ്രൈം വോളിബോൾ സീസണ് മൂന്ന് പതിപ്പ് നാളെ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. ഫൈനൽ ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങളും ചെന്നൈയിലാണ് അരങ്ങേറുക. മാർച്ച് 21നാണ് ഫൈനൽ.
അഹമ്മദാബാദ് ഡിഫെൻഡേഴ്സ്, ബംഗളൂരു ടോർപിഡോസ്, കാലിക്കട്ട് ഹീറോസ്, ചെന്നൈ ബ്ലിറ്റ്സ്, ഡൽഹി തൂഫാൻസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സ്, കൊച്ചി ബ്ലൂ സ്ട്രൈക്കേവ്സ്, കോൽക്കത്ത തണ്ടർബോൾട്ട്സ്, മുംബൈ മിറ്റിയോസ് എന്നിങ്ങനെ ഒന്പത് ഫ്രാഞ്ചൈസികളാണ് പോരാട്ടരംഗത്തുള്ളത്.
കൊച്ചി x കോഴിക്കോട്
പ്രൈം വോളിബോളിൽ കേരളത്തിന്റെ സാന്നിധ്യങ്ങളാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കാലിക്കട്ട് ഹീറോസും. കേരള ഡെർബി 16നു രാത്രി 8.30ന് അരങ്ങേറും. ഇരുടീമിന്റെയും സീസണിലെ ആദ്യമത്സരവുമാണത്.
മാർച്ച് 10വരെയാണ് ലീഗ് മത്സരങ്ങൾ. തുടർന്ന് മാർച്ച് 11 മുതൽ 18 വരെ സൂപ്പർ 5 അരങ്ങേറും. 19ന് എലിമിനേറ്ററും 21ന് രാത്രി 8.30ന് ഫൈനലും നടക്കും. വൈകുന്നേരം 6.30, രാത്രി 8.30 എന്നിങ്ങനെയാണ് എല്ലാ മത്സരങ്ങളും അരങ്ങേറുന്നത്. സോണി സ്പോർട്സ് 1, 3, 4, ലിവ് എന്നിവിടങ്ങളിലായി തത്സമയം കാണാം.