ഏകദിന ഇരട്ടസെഞ്ചുറി ക്ലബ്ബിൽ നിസാങ്കയും
Saturday, February 10, 2024 12:49 AM IST
പല്ലെകെല്ലെ: രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി നേടുന്ന ബാറ്റർമാരുടെ ക്ലബ്ബിൽ ഇടംപിടിച്ച് ശ്രീലങ്കൻ ഓപ്പണർ പതും നിസാങ്ക. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ നിസാങ്ക 139 പന്തിൽ 210 റണ്‍സുമായി പുറത്താകാതെ നിന്നു. എട്ട് സിക്സും 20 ഫോറും അടങ്ങുന്നതായിരുന്നു നിസാങ്കയുടെ ഇന്നിംഗ്സ്. ശ്രീലങ്കയ്ക്കുവേണ്ടി ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ബാറ്ററാണ് ഇരുപത്തഞ്ചുകാരനായ നിസാങ്ക. താരത്തിന്റെ നാലാം ഏകദിന സെഞ്ചുറിയാണ്.
മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 42 റണ്‍സിന്റെ ജയം നേടി. ശ്രീലങ്ക സ്കോര്‍ 381/3. അഫ്ഗാനിസ്ഥാന് 339/6. അഫ്ഗാനായി അസ്മതുള്ള ഒമര്‍സായി (149*), മുഹമ്മദ് നബി (136) എന്നിവര്‍ സെഞ്ചുറി നേടി.
136-ാം പന്തിൽ 200
നേരിട്ട 136-ാം പന്തിലാണ് നിസാങ്കയുടെ ഇരട്ടസെഞ്ചുറി. ഏഴ് സിക്സും 19 ഫോറും അടക്കമായിരുന്നു നിസാങ്ക 200 തികച്ചത്. ആവിഷ്ക ഫെർണാണ്ടൊ (88), സധീര സമരവിക്രമ (45) എന്നിവരുടെ ഇന്നിംഗ്സും ലങ്കൻ സ്കോർബോർഡിനു കരുത്തേകി.
10-ാമൻ, 12-ാം ഡബിൾ
ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി നേടുന്ന 10-ാമത് ബാറ്ററാണ് പതും നിസാങ്ക. ഇന്ത്യയുടെ രോഹിത് ശർമയാണ് ഏറ്റവും കൂടുതൽ (മൂന്ന്- 264, 209, 208*)) ഏകദിന ഇരട്ടസെഞ്ചുറി നേടിയ താരം. ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോറും രോഹിത്തിന്റെ (264) പേരിലാണ്.
രോഹിത്തിനൊപ്പം ഇന്ത്യയുടെ സച്ചിൻ തെണ്ടുൽക്കർ (200*), വിരേന്ദർ സെവാഗ് (219), ഇഷാൻ കിഷൻ (210), ശുഭ്മാൻ ഗിൽ (208) എന്നിവരും ഏകദിന ഇരട്ട സെഞ്ചുറി നേടിയിട്ടുണ്ട്.
ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്റ്റിൽ (237*), വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ (215), പാക്കിസ്ഥാന്റെ ഫഖാർ സമാൻ (210*), ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെൽ (201*) എന്നിവരാണ് ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയ മറ്റ് ബാറ്റർമാർ. 2010ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ സച്ചിൻ നേടിയ 200 നോട്ടൗട്ടാണ് ഏകദിന ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി.