ആനക്കരുത്ത്
Monday, January 15, 2024 12:54 AM IST
അബിജാൻ (ഐവറികോസ്റ്റ്): ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിന്റെ ഉദ്ഘാട മത്സരത്തിൽ ആതിഥേയരായ ഐവറികോസ്റ്റിനു ജയം. ആനകൾ എന്നറിയപ്പെടുന്ന ഐവറികോസ്റ്റ് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ 2-0ന് ഗിനിയ-ബിസാവുവിനെ കീഴടക്കി.
ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ നാലാമത് മാത്രം കളിക്കാനെത്തുന്ന ഗിനിയ-ബിസാവു തുടക്കം മുതൽ പരുങ്ങലിലായിരുന്നു. സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിയിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരമായ സെക്കോ ഫൊഫാനയുടെ ഗോളിൽ നാലാം മിനിറ്റിൽത്തന്നെ ഐവറികോസ്റ്റ് ലീഡ് നേടി. ഫ്രാങ്ക് കെസിയുടെ അസിസ്റ്റിലായിരുന്നു ഗോൾ. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലെ ആദ്യ ഗോൾ അതോടെ ഫൊഫാനയുടെ പേരിൽ.
ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിയാരംഭിച്ച ഐവറികോസ്റ്റിനായി 58-ാം മിനിറ്റിൽ ജീൻ ഫിലിപ്പ് ക്രാസോ ഗോൾ പട്ടിക പൂർത്തിയാക്കി. മത്സരത്തിൽ 62 ശതമാനവും പന്ത് നിയന്ത്രിച്ചത് ഐവറികോസ്റ്റ് ടീമായിരുന്നു.