ഇന്ത്യ x ദക്ഷിണാഫ്രിക്ക ഏകദിന പരന്പര ഇന്നു മുതൽ
Sunday, December 17, 2023 1:36 AM IST
ജോഹന്നാസ്ബർഗ്: ട്വന്റി-20 പോരാട്ടം ധീരമായി അവസാനിപ്പിച്ച ഇന്ത്യക്ക് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്നു മുതൽ ഏകദിന പരീക്ഷ. ഇന്ത്യ x ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.
ഇന്ത്യയെ ഏകദിനത്തിൽ നയിക്കുന്നത് കെ.എൽ. രാഹുലാണ്. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ അഭാവത്തിൽ യുവ ബാറ്റർമാരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. ആദ്യ മത്സരത്തിനുശേഷം ശ്രേയസ് അയ്യർ ടെസ്റ്റ് മുന്നൊരുക്കത്തിനായി ടീം വിടും.
ദ്രാവിഡ്, ലക്ഷ്മണ് ഇല്ല
മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് അല്ല ടീമിന്റെ തന്ത്രജ്ഞൻ എന്നതും ശ്രദ്ധേയം. ദ്രാവിഡിന്റെ അഭാവത്തിൽ സാധാരണ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാറുള്ള വി.വി.എസ്. ലക്ഷ്മണും ഈ പരന്പരയിൽ ഇല്ല. പകരം നാഷണൽ ക്രിക്കറ്റ് അക്കാദമി സപ്പോർട്ട് സ്റ്റാഫായ സിതാൻശു കോട്ടക്കാണ് പരിശീലക വേഷത്തിലെത്തുക.
സഞ്ജു കളിക്കുമോ
മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണ് ഇന്ത്യൻ സംഘത്തിൽ ഇന്ന് ഇറങ്ങുമോ എന്നതും സുപ്രധാന ചോദ്യമാണ്.
വിജയ് ഹസാരെയിൽ സെഞ്ചുറിയടക്കം മികച്ച ബാറ്റിംഗ് കാഴ്ചവച്ചാണ് സഞ്ജു ദക്ഷിണാഫ്രിക്കയിൽ എത്തിയിരിക്കുന്നത്. പ്രമുഖ താരങ്ങളുടെ അഭാവത്തിൽ മധ്യനിരയിൽ സഞ്ജുവിന്റെ സ്ഥാനം ഏതാണ് ഉറപ്പാണ്.