ബോബി ചാൾട്ടണ് സ്മരണയിൽ യുണൈറ്റഡ് ജയം
Monday, October 23, 2023 12:43 AM IST
ലണ്ടൻ: ഇംഗ്ലീഷ് ഇതിഹാസ ഫുട്ബോളർ ബോബി ചാൾട്ടന്റെ സ്മരണയിൽ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 17 വർഷം കളിച്ച ചാൾട്ടന്റെ നിര്യാണത്തിനു പിന്നാലെയായിരുന്നു ടീം ഷെഫീൽഡ് യുണൈറ്റഡിനെതിരേ ഇറങ്ങിയത്.
ചാൾട്ടന്റെ ഓർമയ്ക്കു മുന്നിൽ പൂച്ചെണ്ട് മൈതാനത്തുവച്ച് മൗനമാചരിച്ചശേഷമായിരുന്നു മത്സരത്തിന്റെ കിക്കോഫ്. സ്കോട് മാക്ടോമിനെയും ഡിയേഗോ ഡാലോട്ടുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ നേടിയത്. ഈ സീസണിൽ ആദ്യമായാണ് യുണൈറ്റഡ് രണ്ട് തുടർജയങ്ങൾ നേടുന്നത്.
തുടർച്ചയായ തോൽവികൾക്കുശേഷം മാഞ്ചസ്റ്റർ സിറ്റി വിജയപാതയിൽ തിരിച്ചെത്തി. സിറ്റി 2-1ന് ബ്രൈറ്റനെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ ജൂലിയൻ ആൽവരെസും എർലിംഗ് ഹാലൻഡും നേടിയ ഗോളുകളിലാണ് സിറ്റിയുടെ ജയം.
മുഹമ്മദ് സലയുടെ ഇരട്ടഗോളിൽ ലിവർപൂൾ 2-0ന്എവർട്ടണെ പരാജയപ്പെടുത്തി. രണ്ടു ഗോളിനു പിന്നിൽനിന്ന ആഴ്സണൽ 2-2 ന് ചെൽസിക്കെതിരേ സമനില പിടിച്ചു. ഈ സീസണിൽ തോൽവി അറിയാതെയുള്ള മുന്നേറ്റം ആഴ്സണൽ നിലനിർത്തി. മറ്റ് മത്സരങ്ങളിൽ ബേണ്‍ലി, ന്യൂകാസിൽ യുണൈറ്റഡ്, വൂൾവർഹാംടണ്‍ ടീമുകൾ ജയിച്ചു.