ബംഗളൂരുവിൽനിന്ന് പറന്നിറങ്ങിയത് റിക്കാർഡിലേക്ക്...
Wednesday, October 18, 2023 1:58 AM IST
കുന്നംകുളം: ബംഗളൂരുവിൽ അരങ്ങേറിയ ജൂണിയർ മീറ്റിൽ പങ്കെടുത്ത് രണ്ട് ദിവസം മുന്‍പ് മാത്രമാണ് പാലക്കാട് മാത്തൂർ സ്കൂളിലെ പി. അഭിരാം നാട്ടിൽ തിരിച്ചെത്തിയത്.
അർധരാത്രിയിൽ വിമാനമിറങ്ങിയശേഷം രണ്ടാംനാളിൽ അഭിരാം 18 വർഷം പഴക്കമുള്ള റിക്കാർഡ് പഴങ്കഥയാക്കി. സീനിയർ ആണ്‍കുട്ടികളുടെ 400 മീറ്ററിലാണ് അഭിരാം 48.06 സെക്കൻഡിൽ റിക്കാർഡോയെ സ്വർണത്തിൽ മുത്തമിട്ടത്.
പല്ലംചാന്തനൂർ അന്പാടി വീട്ടിൽ പ്രമോദ്-മഞ്ജുഷ ദന്പതികളുടെ മകനാണ്. 2005ൽ കോതമംഗലം സെന്റ് ജോർജിന്റെ വി.ബി. ബിനീഷ് കുറിച്ച 48.23 സെക്കൻഡ് എന്ന റിക്കാർഡാണ് അഭിരാം തിരുത്തിയത്.
400 മീറ്ററിൽ സ്പെഷ്യലൈസ് ചെയ്യാനാണ് തന്റെ ആഗ്രഹമെന്ന് അഭിരാം ദീപികയോട് പറഞ്ഞു. അതിന് അടിവരയിടുന്ന പ്രകടനമാണ് ഈയിനത്തിൽ അഭിരാം കാഴ്ചവയ്ക്കുന്നതെന്നതും ശ്രദ്ധേയം.
തിരുവനന്തപുരം സ്കൂൾ മീറ്റിൽ 400 മീറ്ററിൽ അഭിരാമിനായിരുന്നു സ്വർണം. ഏഷ്യൻ യൂത്ത് 4-400 റിലേ, 2022 യൂത്ത് നാഷണൽസ്, ഖേലൊ ഇന്ത്യ, സീനിയർ നാഷണൽ സ്കൂൾ തുടങ്ങിയ പോരാട്ടവേദികളിലെല്ലാം അഭിരാം സ്വർണം കഴുത്തിലണിഞ്ഞു. കെ. സുരേന്ദ്രനാണ് കോച്ച്.
കോതമംഗലം മാർ ബേസിലിന്റെ ജെസിം ജെ. റസാക്കിനാണ് (48.68) ഈയിനത്തിൽ വെള്ളി. സായ് കോഴിക്കോടിന്റെ എൻ. അദിൽ (48.99) വെങ്കലമണിഞ്ഞു.