വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് : ഡൽഹി x മുംബൈ ഫൈനൽ
Saturday, March 25, 2023 12:01 AM IST
മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ മുംബൈ ഇന്ത്യൻസ് നേരിടും. പ്ലേ ഓഫ് എലിമിനേറ്ററിൽ യുപി വാരിയേഴ്സിനെ 72 റൺസിനു തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ പ്രവേശിച്ചു. സ്കോർ: മുംബൈ 182/4 (20), യുപി 110/10 (17.4).
കന്നി ഹാട്രിക് വോംഗ്
ഈ ടൂർണമെന്റിലെ ആദ്യ ഹാട്രിക്ക് ഇംഗ്ലീഷ് പേസർ ഇസി വോംഗ് സ്വന്തമാക്കി. യുപി ഇന്നിംഗ്സിലെ 13-ാം ഓവർ എറിയാനെത്തിയ വോംഗ് രണ്ട്, മൂന്ന്, നാല് പന്തുകളിലായി കിരൺ നവ്ഗിർ, സിമ്രാൻ ഷെയ്ഖ്, സോഫി എക്ലെസ്റ്റോൺ എന്നിവരെ പുറത്താക്കി. 43 റൺസ് എടുത്ത നവ്ഗിർ ആണ് യുപി ഇന്നിംഗ്സിലെ ടോപ് സ്കോറർ. മുംബൈക്കായി വോംഗ് 15 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
ആളിക്കത്തി ഷീവർ
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ മുംബൈ ഇന്ത്യൻസിന്റെ ഓപ്പണിംഗ് വിക്കറ്റിൽ 31 റണ്‍സ് പിറന്നു. ഓപ്പണർമാരായ ഹെയ്ലി മാത്യൂസ് 26 ഉം യാസ്തിക ഭാട്യ 21 ഉം റണ്‍സ് വീതം സ്വന്തമാക്കി. മൂന്നാം നന്പർ ബാറ്ററായി ക്രീസിലെത്തിയ നാറ്റ് ഷീവർ ബ്രന്റായിരുന്നു മുംബൈ ഇന്നിംഗ്സിന്റെ നട്ടെല്ല്. 38 പന്തിൽ രണ്ട് സിക്സും ഒന്‍പത് ഫോറും അടക്കം 72 റണ്‍സുമായി ഷീവർ ആളിക്കത്തി.
അമേരിയ കേർ 19 പന്തിൽ 19 റണ്‍സ് നേടിയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 15 പന്തിൽ 14 റണ്‍സുമായും പുറത്തായി. നാല് പന്തിൽ ഒരു സിക്സും ഒരു ഫോറും അടക്കം 11 റണ്‍സുമായി പൂജ വസ്ത്രാകർ ഷീവറിനൊപ്പം പുറത്താകാതെ നിന്നു. അമേലിയ കേർ-ഷീവർ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ 60 റണ്‍സ് അടിച്ചെടുത്തു.
യുപി വാരിയേഴ്സിനായി സോഫി എക്ലെസ്റ്റോണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.