ഗോട്ട് 22; ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്
Monday, January 30, 2023 2:47 AM IST
മെൽബണ്‍: ‘എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ...’ 2023 ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് ഫൈനലിൽ പരാജയപ്പെട്ട ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് മറുപടി പ്രസംഗത്തിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ ആദ്യം ഉപമിച്ചത് ഇങ്ങനെ. എന്നാൽ, നിറഞ്ഞ ഗാലറിയുടെ ആവശ്യപ്രകാരം സിറ്റ്സിപാസിന് ആ വാക്കുകൾ ഇങ്ങനെ തിരുത്തേണ്ടിവന്നു: ‘എക്കാലത്തെയും മികച്ച താരം...’ അതെ, ടെന്നീസ് കോർട്ടിലെ പുരുഷ ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) താനാണെന്ന് തെളിയിച്ച് നൊവാക് ജോക്കോവിച്ച് 2023 ഓസ്ട്രേലിയൻ ഓപ്പണ്‍ സ്വന്തമാക്കി.
ഫൈനലിൽ 6-3, 7-6 (7-4), 7-6 (7-5) ന് സിറ്റ്സിപാസിനെ തോൽപ്പിച്ചാണ് ജോക്കോവിച്ച് ചാന്പ്യനായത്. ഇതോടെ 22 ഗ്രാൻസ് ലാം കിരീടം എന്ന സ്പാനിഷ് താരം റാഫേൽ നദാലിന്റെ റിക്കാർഡിനൊപ്പവും ജോക്കോവിച്ചെത്തി. പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേട്ടം എന്ന റിക്കാർഡ് പങ്കിടുകയാണ് ജോക്കോയും റാഫയും.
12-ാം മാസം കിരീടം
കോവിഡ് വാക്സിൻ എടുക്കാത്തതിന്റെ പേരിൽ കരുതൽ തടവിലാക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്ത ഓസ്ട്രേലിയൻ മണ്ണിൽ 12-ാം മാസം കിരീടമുയർത്തി ജോക്കോവിച്ചിന്റെ മധുരപ്രതികാരം. ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വീകരിച്ചശേഷം ഇക്കാര്യം ജോക്കോവിച്ച് തുറന്നടിക്കുകയും ചെയ്തു. മാനസികമായി ഏറ്റവും പിരിമുറുക്കം നിറഞ്ഞ ചാന്പ്യൻഷിപ്പായിരുന്നു ഇതെന്നും ജോക്കോവിച്ച് മറുപടിപ്രസംഗത്തിൽ വ്യക്തമാക്കി.
ജയം നേടിയശേഷം കോച്ച് ഗോരാൻ ഇവാനിസേവിച്ചിന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് ഗാലറിയുടെ മതിൽകടന്നെത്തിയ ജോക്കോവിച്ച് വിങ്ങിപ്പൊട്ടിക്കരഞ്ഞു. 2022 ഓസ്ട്രേലിയൻ ഓപ്പണിനെത്തിയപ്പോഴായിരുന്നു ജോക്കോവിച്ചിനെ ഓസ്ട്രേലിയൻ സർക്കാർ തടവിലാക്കിയതും സെർബിയയിലേക്ക് തിരികെ അയച്ചതും.
ജോക്കോ 10
ഓസ്ട്രേലിയൻ ഓപ്പണ്‍ ഇത് 10-ാം തവണയാണ് 35കാരനായ ജോക്കോവിച്ച് സ്വന്തമാക്കുന്നത്. 2008ൽ ഓസ്ട്രേലിയൻ ഓപ്പണിലൂടെയാണ് സെർബ് താരം തന്റെ ഗ്രാൻസ്ലാം കിരീടവേട്ടയ്ക്ക് തുടക്കമിട്ടത്. ഓസ്ട്രേലിയൻ ഓപ്പണ്‍ 10 തവണ സ്വന്തമാക്കുന്ന ആദ്യ പുരുഷ താരവുമായി ജോക്കോവിച്ച്.
നന്പർ 1
ഓസ്ട്രേലിയൻ ഓപ്പണ്‍ നേട്ടത്തോടെ എടിപി ലോക റാങ്കിംഗിൽ ലോക ഒന്നാം നന്പറിലേക്കും ജോക്കോവിച്ചെത്തി. ഓസ്ട്രേലിയൻ ഓപ്പണ്‍ ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ജയം (28) എന്ന റിക്കാർഡും ജോക്കോവിച്ച് കുറിച്ചു.