ടീം ഇന്ത്യ കൺഫ്യൂഷനിൽ
Thursday, December 2, 2021 12:15 AM IST
മുംബൈ: നാളെ ന്യൂസിലൻഡിനെതിരേ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവണെക്കുറിച്ച് ടീം ഇന്ത്യ കൺഫ്യൂഷണിൽ. ന്യൂസിലൻഡിനെതിരേ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് ക്രിക്കറ്റിലേക്കു വിരാട് കോഹ്ലി ക്യാപ്റ്റൻസ്ഥാനത്തേക്കു തിരിച്ചുവരുന്പോൾ ആരെ തള്ളുമെന്നറിയാതെ ഇന്ത്യൻ ടീം. ട്വന്റി 20 ലോകകപ്പിനുശേഷം ചെറിയൊരു വിശ്രമമെടുത്ത കോഹ്ലി ആദ്യ ടെസ്റ്റിൽ ഇല്ലായിരുന്നു.
കോഹ്ലിക്കു പകരം അജിങ്ക്യ രഹാനെയാണു നയിച്ചത്. കാണ്‍പുരിൽ നടന്ന ആദ്യ ടെസ്റ്റിൽ അരങ്ങേറ്റംകുറിച്ച ശ്രേയസ് അയ്യറുടെ 105, 65 റണ്‍സ് പ്രകടനമാണ് ഇന്ത്യയുടെ പ്ലെയിംഗ് ഇലവണ്‍ തെരഞ്ഞെടുപ്പിൽ തലവേദനയാക്കിയത്. അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ അയ്യരെ പുറത്തിരുത്തുന്നതിനു പകരം ഫോമിലെത്താൻ ബുദ്ധിമുട്ടുന്ന രഹാനെയെയും ചേതേശ്വർ പൂജാരയെയും മാറ്റാനും സാധ്യതയുണ്ട്.