ചുവപ്പു കണ്ട് മെസി
Monday, January 18, 2021 11:51 PM IST
ബാഴ്സലോണ: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി തന്റെ ബാഴ്സലോണ കരിയറിൽ ചരിത്രത്തിലാദ്യമായി കാർഡ് കണ്ട് പുറത്ത്. വെറും കാർഡല്ല, നല്ല ഒന്നാന്തരം ചുവപ്പുകാർഡ്. 753 മത്സരങ്ങൾ നീണ്ട ബാഴ്സലോണ കരിയറിൽ മെസിയുടെ നേർക്ക് ആദ്യമായി ഉയർന്ന ചുവപ്പുകാർഡായിരുന്നു അത്ലറ്റിക്കോ ബിൽബാവൊയ്ക്കെതിരായ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലേത്.
അധികസമയത്തിന്റെ ഇഞ്ചുറി ടൈമിൽ പാസ് നൽകിയശേഷം ഓടിക്കയറുന്നതിനിടെ ബിൽബാവോയുടെ അസ്യർ വയ്യാലിബ്രയുടെ മുഖത്ത് മെസി ചെറുതായൊന്നു കൈവച്ചു. വിഎആറിലൂടെ മെസി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റഫറി ജിൽ മൻസാനോ മെസിക്കെതിരേ ചുവപ്പുകാർഡ് ഉയർത്തി. മൻസാനോ ആദ്യം ഈ കള്ളക്കളി കണ്ടില്ല. ബിൽബാവോ താരങ്ങൾ പ്രതിഷേധിച്ചതോടെ മൻസാനോ വാറിന്റെ സഹായം തേടി. എന്നിട്ട് കൊടുത്തു നേരേ ഒരു ചുവപ്പുകാർഡ്! തലകുനിച്ച് ഏകനായി മെസി ഡ്രസിംഗ് റൂമിലേക്ക്.
ഈ കൈവിട്ട കളിയുടെ പേരിൽ മെസിക്ക് നാലു മത്സരങ്ങളിൽ വിലക്ക് നേരിടേണ്ടിവരും.
അർജന്റീന ജഴ്സിയിൽ രണ്ടുവട്ടം മെസി ചുവപ്പുകാർഡ് കണ്ടിട്ടുണ്ട്. അതിൽ അർജന്റീന ജേഴ്സിയിലെ അരങ്ങേറ്റ മത്സരവും ഉൾപ്പെടുന്നു.
ബിൽബാവോയ്ക്ക് കിരീടം
മെസി ചുവപ്പുകാർഡ് കണ്ട സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ അത്ലറ്റിക് ബിൽബാവോയ്ക്കെതിരേ ബാഴ്സലോണയ്ക്കു തോൽവി. രണ്ടിനെതിരേ മൂന്നു ഗോളുകൾ നേടിയാണ് ബിൽവാബോ ബാഴ്സയെ തോൽപ്പിച്ച് കപ്പുയർത്തിയത്. 37 വർഷത്തിനിടെ അത്ലറ്റിക്കോ നേടുന്ന രണ്ടാം കിരീടം.
ആവേശകരമായ മത്സരത്തിൽ 2-1ന് എന്ന നിലയിൽ ബാഴ്സലോണ കപ്പുയർത്തുമെന്ന് പ്രതീക്ഷിച്ച സമയത്താണ് ഇഞ്ചുറി ടൈമിൽ അസ്യർ വയ്യാലിബ്രയിലൂടെ സമനില ഗോൾ നോടി കളി അധികസമയത്തേക്ക് നീട്ടിയത്. തുടർന്ന് അധികസമയത്തിന്റെ അദ്യ മിനിറ്റിൽ തന്നെ ഇന്യാക്കി വില്യംസിന്റെ ഗോളിലൂടെ ബിൽബാവൊ മൂന്നലെത്തി.