രോഹിത്, ഇഷാന്ത് വൈകും
Tuesday, November 24, 2020 11:15 PM IST
ബംഗളൂരു: ഐപിഎലിനിടെ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമയും ഇഷാന്ത് ശർമയും ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഉണ്ടാകില്ല. ബംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ നിരീക്ഷണത്തിലായിരുന്ന ഇരുവർക്കും ആദ്യടെസ്റ്റുകൾ നഷ്ടമായേക്കുമെന്നാണു റിപ്പോർട്ട്. ഇരുവരും ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടിയിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലി ആദ്യടെസ്റ്റിനുശേഷം നാട്ടിലേക്കു മടങ്ങുന്ന സാഹചര്യത്തിൽ രോഹിത്തിന്റെ അഭാവം ടീം ഇന്ത്യക്കു കനത്ത തിരിച്ചടിയാവും.
നാലഞ്ചു ദിവസത്തിനുള്ളിൽ ഓസ്ട്രേലിയയിൽ എത്തിയില്ലെങ്കിൽ ഇരുവരും ടെസ്റ്റ് കളിക്കുന്ന കാര്യം ദുഷ്കരമാകുമെന്നു പരിശീലകൻ രവി ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഓസ്ട്രേലിയയിൽ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനുണ്ട്.
ഇതിനിടെ, രോഹിത് എത്താൻ വൈകുമെന്നതിനാൽ ശ്രേയസ് അയ്യരെ ടെസ്റ്റ് ടീമിൽ റിസർവ് താരമായി ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്. ടെസ്റ്റ് ടീമിൽ ഇതുവരെ കളിക്കാത്ത ശ്രേയസ് അയ്യർ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 52.18 ശരാശരിയിൽ 12 സെഞ്ചുറിയും 23 അർധസെഞ്ചുറിയും നേടിയിട്ടുണ്ട്.