ടീം മാനേജരെ ബിസിസിഐ തിരിച്ചുവിളിച്ചു
Wednesday, August 14, 2019 11:57 PM IST
പോർട്ട് ഓഫ് സ്പെയിൻ: കരീബിയൻ ദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് അപമര്യാദയായി പെരുമാറിയ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജർ സുനിൽ സുബ്രഹ്മണ്യത്തെ ബിസിസിഐ തിരിച്ചുവിളിച്ചു. വെസ്റ്റ് ഇൻഡീസ് പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമായിരുന്നു സുബ്രഹ്മണ്യൻ. ഏകദിന ലോകകപ്പോടെ കരാർ അവസാനിച്ചെങ്കിലും 45 ദിവസത്തേക്കുകൂടി സുനിലിന്റെ കരാർ ബിസിസിഐ നീട്ടിനൽകുകയായിരുന്നു.
വെസ്റ്റ് ഇൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനോട് ജല സംരക്ഷണത്തെക്കുറിച്ചുള്ള ചെറിയൊരു പരസ്യത്തിൽ അഭിനയിക്കാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ ഈ നിർദേശം ടീമിനെ അറിയിക്കാൻ ഗയാനയിലേയും, ട്രിനിഡാഡ് ആൻഡ് ടുബാഗോയിലേയും ഇന്ത്യൻ ഹൈക്കമ്മീഷണർമാർ സുനിലുമായി ബന്ധപ്പെട്ടു. എന്നാൽ, സുനിലിന്റെ ഭാഗത്തുനിന്ന് മോശം രീതിയിലുള്ള പ്രതികരണമായിരുന്നു ഉണ്ടായത്. സഹകരണ മനോഭാവം അദ്ദേഹം കാണിച്ചുമില്ല. ഇക്കാര്യം അവർ ബിസിസിഐയെ അറിയിച്ചു. ഇതേത്തുടർന്നാണ് ബിസിസിഐ സുനിലിനു താക്കീത് നല്കുകയും തിരികെവിളിക്കുകയും ചെയ്തത്.