കൊക്കോ വിലയിൽ വീണ്ടും കുതിപ്പ്
Wednesday, November 13, 2024 11:14 PM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: ആറുമാസത്തെ ഇടവേളയ്ക്കു ശേഷം കൊക്കോ വിലയിൽ വീണ്ടും കുതിപ്പ്. ആദ്യസീസണിൽ ഉത്പാദനം കുറഞ്ഞതുമൂലം കഴിഞ്ഞ മേയിൽ ഉണക്ക കൊക്കോ വില സർവകാല റിക്കാർഡ് ഭേദിച്ചിരുന്നു. കിലോയ്ക്ക് 1000-1050 രൂപയിലേക്കാണ് അന്നു വില ഉയർന്നത്. എന്നാൽ, ഈ വില അധികനാൾ നീണ്ടുനിന്നില്ല.
300-350 തോതിലേക്ക് വില കുറയുകയും ചെയ്തു. ഉണങ്ങിയ കൊക്കോയ്ക്ക് ഇടുക്കിയിൽ ഇന്നലെ കിലോയ്ക്ക് 580-600 രൂപ തോതിലായിരുന്നു കച്ചവടം. കിലോയ്ക്ക് 160-170 തോതിലും വ്യാപാരം നടന്നു.
സംസ്ഥാനത്ത് ജൂണ്, ജൂലൈ മാസങ്ങളിലും നവംബർ, ഡിസംബർ മാസങ്ങളിലുമാണ് പ്രധാനമായും വിളവെടുപ്പ് നടക്കുന്നത്. കടുത്ത വേനൽചൂടിൽ ആദ്യസീസണിലെ ഉത്പാദനം ഗണ്യമായി ഇടിഞ്ഞിരുന്നു.
ഇത്തവണയും ഉത്പാദനം നാമമാത്രമായി ചുരുങ്ങിയിട്ടുണ്ട്. ഉത്പാദനത്തിലുണ്ടായ ഇടിവിനു പുറമേ ആഗോളതലത്തിൽ ചോക്ലേറ്റിനുണ്ടായ ഡിമാന്റും കൊക്കോയുടെ വില വർധനവിന് മറ്റൊരു കാരണമായിട്ടുണ്ട്.
രാജ്യത്ത് 25000-30000 ടണ്ണാണ് ആഭ്യന്തര ഉത്പാദനമെങ്കിലും ഒരുലക്ഷം ടണ്ണാണ് ആവശ്യമായി വരുന്നതെന്നും ഭാവിയിൽ കൊക്കോയ്ക്ക് മികച്ച സാധ്യതയാണുള്ളതെന്നും ഈ മേഖലയിൽ നാളുകളായി പ്രവർത്തിച്ചുവരുന്ന ഇന്ത്യ കൊക്കോ മാനേജിംഗ് ഡയറക്ടറും ചാർട്ടേർഡ് അക്കൗ ന്റുമായ റെന്നി ജേക്കബ് ദീപികയോട് പറഞ്ഞു.
ഒരുപരിധികഴിഞ്ഞ് വില വർധിക്കുന്നതു വ്യവസായികൾക്കും കർഷകർക്കും ഒരുപോലെ ഗുണം ചെയ്യില്ല. ഉണങ്ങിയ കോക്കോ കിലോയ്ക്ക് 350-450 രൂപ തോതിൽ വില ലഭിച്ചാൽ കർഷകർക്കു നേട്ടമാണ്.
നിലവിലെ സാഹചര്യത്തിൽ കോക്കോ ഉത്പന്ന നിർമാണ കന്പനികൾ നിശ്ചിത വില കർഷകനു ഉറപ്പാക്കുന്ന തരത്തിലാകും വിപണിയിലെ ഇടപെടലെന്നും ഇതു കൃഷി കൂടുതൽ വ്യാപിപ്പിക്കാൻ കർഷകരെ പ്രേരിപ്പിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.