ലാബിൽനിന്നു സ്വർണം
Monday, November 11, 2024 11:11 PM IST
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
ആയിരത്തിലേറെ വർഷമായി സ്വർണം മൂല്യത്തിന്റെ അടയാളമാണ്. സന്പത്ത്, അധികാരം, അന്തസ് എന്നിവയുടെ പ്രതീകവുമാണ്. തത്വചിന്തകന്റെ കല്ല് ഉപയോഗിച്ച് ഈയത്തെ സ്വർണമാക്കി മാറ്റാൻ ശ്രമിച്ച പഴയകാല ആൽക്കെമിസ്റ്റുകളെപ്പോലെ ആധുനിക ശാസ്ത്രജ്ഞരും സ്വർണത്തെ ഒരു സയന്റിഫിക് ലാബിൽ സൃഷ്ടിക്കാനാകുമോ എന്ന സാധ്യതകളെക്കുറിച്ച് തലപുകയ്ക്കുകയാണ്.
പഴയകാല ആൽക്കെമിസ്റ്റുകൾക്ക് അവരുടെ ലക്ഷ്യം നേടാനായില്ല. എന്നാൽ ആധുനിക രസതന്ത്രവും ഭൗതികശാസ്ത്രവും അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
വിവിധ കണക്കുകൾ പ്രകാരം 2023 അവസാനം വരെ ഭൂമിക്കു മുകളിലെത്തിയ സ്വർണത്തിന്റെ അളവ് 2,12,582 ടണ്‍ ആണ്്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അടുത്ത 20 വർഷത്തിനുള്ളിൽ 31,458 ടണ്‍ കൂടി കുഴിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിമിതമായ ലഭ്യതയാണ് സ്വർണത്തെ അപൂർവവും മൂല്യമേറിയതുമാക്കുന്നത്. ഈ വർഷം സ്വർണത്തിന്റെ വില ഉയർന്ന് ഒരു ഒൗണ്‍സിന് 2800 ഡോളറെന്ന റിക്കാർഡ് നിലയിലെത്തി.
സമുദ്രത്തിൽ വൻ തോതിലുള്ള സ്വർണ നിക്ഷേപമുള്ളതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഈ സ്വർണമാണെങ്കിൽ ഉയർന്ന നിലവാരത്തിലുള്ളതുമാണ്. എന്നാൽ, ഇത് വെള്ളത്തിനുള്ളിൽ കലർന്നു ചേർന്ന അവസ്ഥയിലാണ്. അതുകൊണ്ട് അത് പുറത്തേക്കെത്തിക്കുകയെന്ന പ്രക്രിയ നിലവിൽ അപ്രായോഗികമാണ്.
സമീപകാലത്ത് ചില ബഹിരാകാശയാത്രികർ മറ്റ് ലോഹങ്ങൾക്കും ധാതുക്കൾക്കും ഒപ്പം ഭൂമിക്കടുത്തുള്ള ഛിന്നഗ്രഹങ്ങൾ പോലുള്ള വസ്തുക്കളിൽ സ്വർണമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഛിന്നഗ്രഹങ്ങളിൽനിന്ന് സ്വർണം വേർതിരിച്ച് ഭൂമിയിലെത്തിക്കുന്നതിന് ആവശ്യമായ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് നിലവിൽ താങ്ങാനാവുന്നതല്ല.
എങ്ങനെയെല്ലാം
ഓരോ ആറ്റോമിക് ന്യൂക്ലിയസിലും 79 പ്രോട്ടോണുകളുള്ള മൂലകമാണ് സ്വർണം. 80 പ്രോട്ടോണുകളുള്ള മെർക്കുറിയിൽനിന്ന് ഒരു പ്രോട്ടോണ്‍ മാറ്റിയാൽ സ്വർണം നിർമിക്കാം. അല്ലെങ്കിൽ ന്യൂക്ലിയർ റിയാക്ടറുകൾ ഉപയോഗിച്ച് 78 പ്രോട്ടോണുകളുള്ള പ്ലാറ്റിനത്തിലേക്ക് ഒരു പ്രോട്ടോണ്‍ കടത്തിവിട്ടും സ്വർണം നിർമിക്കാമെന്ന് പഠനങ്ങളിലുണ്ട്. മൂലകങ്ങളുടെ ആറ്റോമിക് ഘടന പുനഃക്രമീകരിച്ച് സ്വർണമാക്കിമാറ്റുകയാണ് ലക്ഷ്യം. തീരെ കുറഞ്ഞ അളവിനുള്ള സ്വർണം നിർമിക്കുന്നതിനു പോലും അപ്പോഴും കൂടുതൽ ഉൗർജവും പണച്ചെലവുമുണ്ടാക്കും.
കെമിക്കൽ റിയാക്ഷനുകൾ, ന്യൂക്ലിയർ ട്രാൻസ്മ്യൂഷൻ എന്നിവ വഴിയും സ്വർണം ലാബിൽ നിർമിക്കാം. ഈ പ്രക്രിയകൾ ഇതുവരെ വാണിജ്യപരമായി ലാഭകരമോ വൻതോതിലുള്ള ഉത്പാദനത്തിന് അനു യോജ്യമോ ആയിട്ടില്ല.
സ്വർണ നാനോകണങ്ങൾ സൃഷ്ടിക്കാൻ ബാക്ടീരിയയെ ഉപയോഗിക്കാമെന്നതാണ് അടുത്ത കണ്ടെത്തൽ. ചില ബാക്ടീരിയകൾക്ക് ഒരു ലായനിയിൽനിന്ന് സ്വർണ അയോണുകളെ ആഗിരണം ചെയ്യാനും അവയെ ശുദ്ധമായ സ്വർണ കണങ്ങളാക്കി മാറ്റാനും കഴിയുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഈ രീതി കെമിക്കൽ റിയാക്ഷനേക്കാൾ കൂടുതൽ കാര്യക്ഷമവും വ്യാവസായിക ഉത്പാദനത്തിനുള്ള സാധ്യതയുമാണ്.
മറ്റൊരു രീതിയിൽ സ്വർണ അയോണുകളുടെ ലായനിയിൽനിന്ന് സ്വർണ നാനോ കണങ്ങൾ സൃഷ്ടിക്കാൻ ലേസർ രശ്മികൾ ഉപയോഗിക്കാം. ഈ പ്രക്രിയയിൽ ലേസർ ലൈറ്റിന്റെ ചെറിയ പൾസുകൾ ഉപയോഗിച്ച് ലായനി വേഗത്തിൽ ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുന്നു, ഇത് സ്വർണ ആറ്റങ്ങളെ ഒരുമിച്ചു കൂട്ടുകയും നാനോകണങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.ഈ രീതി കെമിക്കൽ റിഡക്ഷനേക്കാൾ കൂടുതൽ കാര്യക്ഷമവും വൻതോതിലുള്ള ഉത്പാദനത്തിന് സാധ്യതയുള്ളതുമാണ്.
ഈ മാർഗങ്ങളൊന്നുംതന്നെ കാര്യക്ഷമമോ ചെലവു കുറഞ്ഞതോ, ലാഭകരമോ ആണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. സ്വർണത്തിന്റെ ഭൗതിക ഗുണങ്ങളിലെ ചെറിയ അശുദ്ധിപോലും ലക്ഷ്യത്തെ പരാജയപ്പെടുത്തും.
കോട്ടങ്ങൾ, നേട്ടങ്ങൾ
ലാബിൽ സൃഷ്ടിച്ചെടുക്കുന്ന സ്വർണത്തിന് ഖനനം ചെയ്തെടുത്ത സ്വർണത്തിന്റെ സാംസ്കാരികമോ പ്രതീകാത്മകമോ ആയ മൂല്യം ഉണ്ടായിരിക്കില്ല എന്ന പക്ഷമുണ്ട്. കൂടാതെ വലിയ അളവിൽ ലാബിൽനിന്ന് സ്വർണം ഉണ്ടാക്കിയെടുത്താൽ തന്നെ ഖനനം ചെയ്ത സ്വർണത്തിന്റെ അതേ നിഗൂഢതയോ ആകർഷണീയതയോ ഉണ്ടാകണമെന്നില്ല.
ഖനനം നിർത്തി സ്വർണം ലാബിൽ സൃഷ്ടിക്കുകയാണെങ്കിൽ പരിസ്ഥിതിയിലുണ്ടാകുന്ന നാശങ്ങൾ തടയാനാകും.
ഖനനം ചെയ്ത സ്വർണത്തേക്കാൾ ഗുണനിലവാരത്തിലും പരിശുദ്ധിയിലും കൂടുതൽ സ്ഥിരതയുള്ളതായിരിക്കും എന്നതാണ് ലാബിൽ തയാറാക്കുന്ന സ്വർണത്തിന്റെ മറ്റൊരു നേട്ടം.