സീപ്ലെയിൻ സർവീസ് 11ന് ഫ്ളാഗ് ഓഫ് ചെയ്യും
Saturday, November 9, 2024 12:30 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ വൻ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിൻ സർവീസ് 11ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി കെടിഡിസി ബോൾഗാട്ടി പാലസ് ഹോട്ടലിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജണൽ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീ പ്ലെയിൻ സർവീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിലെത്തുന്ന’ഡി ഹാവ്ലാൻഡ് കാനഡ’ എന്ന സീ പ്ലെയിൻ ആണ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്.
ഫ്ളാഗ് ഓഫിനു ശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സർവീസ് നടത്തും. ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നൽകും.
10 ന് ഉച്ചയ്ക്ക് രണ്ടിനാണ് ‘ഡി ഹാവ്ലാൻഡ് കാനഡ’ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. തുടർന്ന് ഉച്ചകഴിഞ്ഞ് 3.30 ന് വിമാനം ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ എത്തും. വിമാനത്തിലെ പൈലറ്റുമാർക്കും ഇതര ജീവനക്കാർക്കും ബോൾഗാട്ടി പാലസ് ഹോട്ടലിൽ ടൂറിസം വകുപ്പ് ആതിഥേയത്വമൊരുക്കും.
സ്വിറ്റ്സർലാൻഡിൽ നിന്നുള്ള സ്വകാര്യ കന്പനിയും സ്പൈസ്ജെറ്റും ചേർന്നാണ് ഡി ഹാവ്ലാൻഡ് കാനഡയുടെ സർവീസ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആന്ധാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ പരീക്ഷണ സർവീസിനു ശേഷമാണ് വിമാനം കേരളത്തിലെത്തുന്നത്.
സർവീസ് നടത്തുന്നത് സംബന്ധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇന്ത്യൻ നേവി, ഡിഹാവ്ലാൻഡ് കാനഡ പ്രതിനിധികളെ ഉൾപ്പെടുത്തി സ്ഥലങ്ങൾ സന്ദർശിച്ച് ഉന്നതതല നിരീക്ഷണം നടത്തിയിരുന്നു. സാധ്യതാ സർവേ, ഹൈഡ്രോഗ്രാഫിക് സർവേ എന്നിവയും പൂർത്തിയാക്കി.
കേരളത്തിലെ നാല് വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടർ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വർധിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് സീപ്ലെയിൻ പദ്ധതി.
റണ്വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തിൽ തന്നെ ലാൻഡിംഗ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർഡ്രോമുകളിൽ നിന്നാണ് യാത്രക്കാർ വിമാനത്തിൽ കയറുക. 9, 15, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്.