ഡിസയറിന് ചെക്ക് വയ്ക്കാൻ ഹോണ്ട അമേസ്
Wednesday, November 13, 2024 11:14 PM IST
ന്യൂഡൽഹി: വാഹന വിപണിയിൽ എസ്യുവി സെഗ്മെന്റുകളുടെ വില്പന കുതിച്ചുയർന്നതോടെ എല്ലാവരും മറന്നുതുടങ്ങിയതായിരുന്നു സബ് ഫോർ മീറ്റർ ഡെഡാൻ സെഗ്മെന്റ്. ഇതിനു മാറ്റം കൊണ്ടുവരാനാണ് മാരുതി നാലാം തലമുറ ഡിസയറിനെ വിപണിയിലെത്തിച്ചത്.
ഡിസയറിന്റെ വരവ് സബ് ഫോർ മീറ്റർ സെഡാൻ സെഗ്മെന്റിന് ഒരു പുത്തൻ ഉണർവ് നൽകി എന്നുതന്നെ പറയാം. എന്നാൽ ഈ സെഗ്മെന്റിലേക്ക് മാരുതി ഡിസയറുമായി ഒരു മത്സരത്തിന് കൊന്പുകോർക്കാൻ ഒരുങ്ങുകയാണ് ഹോണ്ട.
പുതിയ തലമുറ അമേസ് അടുത്ത മാസം നാലിന് വിപണിയിൽ അവതരിപ്പിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ സ്ഥിരീകരിച്ചു കഴിഞ്ഞു. പുതിയ അമേസിന്റെ മൂന്ന് ടീസർ ഹോണ്ട പുറത്തിറക്കി.
സിറ്റിയുടെ നിലവിലെ പതിപ്പിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് അമേസിന്റെ ഡിസൈൻ. ഇരുവശത്തും സ്ലീക്ക് എൽഇഡി ഹെഡ് ലാന്പുകൾക്കൊപ്പം മുൻവശത്ത് ഏതാണ്ട് നിവർന്നുനിൽക്കുന്ന ഹെക്സഗണൽ ഗ്രില്ലാണ് കാറിനുള്ളത്.
പുതിയ അമേസിന്റെ പിൻഭാഗം സിറ്റിയുമായി ഏതാണ്ട് സമാനമാണ്. ടെയിൽ ലൈറ്റുകൾക്ക് എസ് ആകൃതിയിലുള്ള എൽഇഡി ലൈറ്റ് സിഗ്നേച്ചർ ഉണ്ട്. ഷാർപ്പ് ഫിൻ ആന്റിനയും ഡ്യുവൽ ടോണ് അലോയ് വീലുകളുമാണ് കാറിന്റെ മറ്റു പ്രത്യേകതകൾ.
ഹോണ്ടയുടെ പുതിയ എസ്യുവിയായ എലവേറ്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അമേസിന്റെ ഇന്റീരിയറിന്റെ രൂപകല്പനയും ലേഒൗട്ടും. മധ്യഭാഗത്ത് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്സ്ക്രീൻ, ചതുരാകൃതിയിലുള്ള എയർകണ്ടീഷണർ വെന്റുകൾ, കോംപാക്റ്റ് ക്ലൈമറ്റ് കണ്ട്രോൾ മൊഡ്യൂൾ, 3-സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയാണ് മറ്റു സവിശേഷതകൾ.
ഹോണ്ടയുടെ 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനിലാകും പുതിയ അമേസും വിപണിയിലെത്തുകയെന്നാണ് കരുതുന്നത്. 89 ബിഎച്ച്പി കരുത്തും 110 എൻഎം ടോർക്കും ഈ എൻജിന് പുറത്തെടുക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർ ബോക്സ് ഓപ്ഷനിലും സിവിടി ട്രാൻസ്മിഷൻ ഓപ്ഷനിലുമായിരിക്കും അമേസ് വിപണിയിലെത്തുക.