നിക്ഷേപം 10,000 കോടിയാക്കും: ഐസിസിഎസ്എൽ ചെയർമാൻ
Monday, November 11, 2024 11:11 PM IST
തൃശൂർ: ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് (ഐസിസിഎസ്എൽ) കോഴിക്കോട്ടും കൊട്ടാരക്കരയിലും രണ്ടു റീജണൽ ഓഫീസുകൾ ആരംഭിക്കുമെന്നു ചെയർമാൻ സോജൻ വി. അവറാച്ചൻ.
മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ഡൽഹി എന്നിവിടങ്ങളിൽ പുതിയ ബ്രാഞ്ചുകൾ ആരംഭിക്കും. കൊച്ചിയിൽ ബ്രാഞ്ച് മനേജർമാരുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനത്തിൽ ന്യൂ ജനറേഷൻ ബാങ്കിംഗ് സിസ്റ്റവും എടിഎം ഉൾപ്പെടെ സൗകര്യങ്ങളും പ്രാവർത്തികമാക്കും. വികസനത്തിന്റെ ഭാഗമായി രാജ്യത്തെ രണ്ട് എൻബിഎഫ്സികളെ ഏറ്റെടുത്തു. ഇതിലൊന്നിനെ സ്മോൾ ഫിനാൻസ് ബാങ്ക് ആക്കിമാറ്റും. എൻബിഎഫ്സിയുടെ പ്രവർത്തനം സജീവമായാൽ ഗോൾഡ് ലോണ്‍ ഉൾപ്പെടെയുള്ള വായ്പകൾ നൽകാൻകഴിയും.
സ്ഥാപനത്തെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുപ്പതിനായിരം ഏജന്റുമാർ കേരളത്തിലുണ്ട്. എല്ലാ ബ്രാഞ്ചുകളിലും മികച്ച നിക്ഷേപമാണു വരുന്നതെന്നും കൂടുതൽ സഹകാരികളെ ആകർഷിക്കാനായെന്നും അഞ്ചുവർഷത്തിനുള്ളിൽ 10,000 കോടിയിലേക്കു നിക്ഷേപം ഉയർത്താനാണു ശ്രമമമെന്നും അദ്ദേഹം പറഞ്ഞു.