പുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ കേരളം രണ്ടാമത്
Wednesday, November 13, 2024 11:14 PM IST
കോട്ടയം: പുരപ്പുറ സൗരോര്‍ജ രംഗത്ത് വന്‍ മുന്നേറ്റവുമായി കേരളം. പിഎം സൂര്യഘര്‍ പദ്ധതി പ്രകാരം സംസ്ഥാനത്ത് കൂടുതല്‍ വീടുകളില്‍ സൗരോര്‍ജ പദ്ധതി ഇന്‍സ്റ്റാള്‍ ചെയ്തതില്‍ രാജ്യത്ത് കേരളത്തിനു രണ്ടാം സ്ഥാനം.
കെഎസ്ഇബിയുടെ പരിശ്രമത്തിന്റെ ഫലമായാണ് കേരളത്തിനു നേട്ടം കൈവരിക്കാന്‍ സാധിച്ചത്. നിലവില്‍ കെഎസ്ഇബിയുടെ ഗാര്‍ഹിക ഉപയോക്താക്കളില്‍ ഒരു ശതമാനം മാത്രമാണ് സംസ്ഥാനത്ത് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
വീടുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നീ കെട്ടിടങ്ങളുടെ മുകളില്‍ സൗരോര്‍ജ പ്ലാന്റുകളും അനുബന്ധ സംവിധാനങ്ങളും ഘടിപ്പിച്ചു വൈദ്യുതി ഉത്പാദിപ്പിച്ചു ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിപ്പിച്ചശേഷം ശേഷിക്കുന്ന വൈദ്യുതി കെഎസ്ഇബിയ്ക്കു തിരികെ നല്‍കുന്നതാണ് പിഎം സൂര്യഘര്‍ പദ്ധതി.
പ്രധാനമന്ത്രിയുടെ പദ്ധതിയില്‍പ്പെടുത്തി സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നവര്‍ക്കു കേന്ദ്ര ഗവണ്മെന്റിന്റെ 78,000 രൂപവരെ സബ്സിഡിയും ലഭിക്കും. കേന്ദ്ര ഗവണ്മെന്റും റിന്യൂവല്‍ എനര്‍ജി കോർപറേഷനും ചേര്‍ന്നു പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ഏറ്റവും പുതിയ പട്ടികയിലാണ് കേരളം രണ്ടാംസ്ഥാനത്തെത്തിയത്. ഗുജറാത്തിനാണ് ഒന്നാം സ്ഥാനം.
സംസ്ഥാനത്ത് 32,877 ഉപഭോക്താക്കള്‍ക്കായി 256.2 കോടി രൂപ സബ്സിഡിയായി കേന്ദ്രത്തില്‍നിന്നും ലഭിക്കുകയും ചെയ്തു. ഉപയോക്താക്കള്‍ക്ക് ഒരു കിലോവാട്ട് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാന്‍ 30,000 രൂപയും രണ്ടു കിലോവാട്ട് സൗരോര്‍ജ് പ്ലാന്റ് സ്ഥാപിക്കാന്‍ 60,000 രൂപയും മൂന്നു കിലോവാട്ട് മുകളിലുള്ള സൗരോര്‍ജ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 78,000 രൂപയും കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്.
മൂന്ന് കിലോവാട്ടിന്റെ സൗരോര്‍ജ് പ്ലാന്റ് സ്ഥാപിച്ചാല്‍ പ്രതിമാസം 360 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഈ വൈദ്യുതിയില്‍ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെഎസ്ഇബിക്ക് വില്‍ക്കുകയും ചെയ്യാം.
ഒരു സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന പ്ലാന്റില്‍ ഉത്പാദിപ്പിച്ച വൈദ്യുതിയുടെ അളവ്, ഉപയോഗിച്ച അളവ് എന്നിവ മൊബൈല്‍ ആപ്ലിക്കേഷനിലുടെ ഉപയോക്കാക്കള്ക്കു ക്യത്യമായി അറിയാം. സംസ്ഥാനത്തുടനീളം പദ്ധതി നടപ്പാക്കുന്നതിനു 885 വെണ്ടര്‍മാരെ കെഎസ്ഇബി എംപാനല്‍ ചെയ്തിട്ടുണ്ട്.
ഇതിനുപുറമേ സോളാര്‍ പാനല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പരിമിതിയായ ട്രാന്‍സ്ഫോര്‍മറുകളുടെ കപ്പാസിറ്റി 75 ശതമാനത്തില്‍നിന്നും 90 ശതമാനമായി കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും ചേര്‍ന്ന് ഉയര്‍ത്തി. പാനലുകള്‍ സ്ഥാപിക്കുന്നതിന് ഏഴു ശതമാനം പലിശ നിരക്കില്‍ നാഷണല്‍ ബാങ്കുകളില്‍ ഈടില്ലാത്ത ലോണ്‍ സൗകര്യവുമുണ്ട്.
പിഎം സൂര്യഘര്‍ പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി 1000 പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചത് എല്‍ സോള്‍ പവര്‍ സോല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ്.