ജെറ്റ് എയർവേസ് : ആസ്തികൾ വിൽക്കാൻ സുപ്രീംകോടതി നിർദേശം
Friday, November 8, 2024 12:32 AM IST
ന്യൂഡൽഹി: സാന്പത്തിക പ്രതിസന്ധികളെ തുടർന്ന് 2019 ഏപ്രിലിൽ പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേസിന്റെ ആസ്തികൾ വിറ്റ് പണമാക്കാൻ (അസറ്റ് ലിക്വിഡേഷൻ) എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയടങ്ങിയ വായ്പാദാതാക്കളുടെ കണ്‍സോർഷ്യത്തിന് സുപ്രീംകോടതി നിർദേശം നൽകി.
എയർലൈനിന്റെ ഉടമസ്ഥാവകാശം ജലാൻ-കാൽറോക്ക് കണ്‍സോർഷ്യത്തിന് (ജെകെസി) കൈമാറുന്നത് ശരിവച്ച നാഷണൽ കന്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തവരവാണ് (എൻസിഎൽഎടി) ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.
എൻസിഎൽഎടി മുംബൈ ബെഞ്ചിനോട് ഇതിനായുള്ള ലിക്വിഡേറ്ററെ നിയമിക്കാനും സുപ്രീം കോടതി നിർദേശിച്ചു.
കഴിഞ്ഞ മാർച്ചിലായിരുന്നു ജലാൻ-കാൽറോക്ക് കണ്‍സോർഷ്യത്തിന് (ജെകെസി) ജെറ്റ് എയർവേസിന്റെ ഉടമസ്ഥാവകാശം കൈമാറാമെന്നും ജെകെസി ബാങ്ക് ഗ്യാരന്റിയായി അടച്ച 150 കോടി രൂപ, ആകെ അടയ്ക്കാനുള്ള 350 കോടി രൂപയുടെ ആദ്യ ഗഡുവായി പരിഗണിച്ചാൽ മതിയെന്നും നാഷണൽ കന്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) വിധിച്ചത്. എന്നാൽ, കുടിശിക അടയ്ക്കാൻ കണ്‍സോർഷ്യം പരാജയപ്പെട്ടു. ഇതേത്തുടർന്നാണ് ബാങ്കുകൾ സുപ്രീംകോടതിയെ സമീപിച്ചത്.
റെസലൂഷൻ പ്ലാൻ അനുസരിച്ച നൽകേണ്ട 350 കോടി നൽകാൻ പരാജപ്പെട്ടിട്ടും ജെകെസിക്ക് ഉടമസ്ഥാവകാശം നൽകിയുള്ള വിധിയെ സുപ്രീംകോടതി വിമർശിച്ചു. മൊത്തത്തിൽ ജെകെസി 4783 കോടി രൂപയാണ് നൽകേണ്ടിയിരുന്നത്. ഇതിനകം നിക്ഷേപിച്ച 200 കോടി രൂപ കണ്ടുകെട്ടാനും കോടതി നിർദേശിച്ചു.
ആശങ്കയിൽ ഓഹരി ഉടമകൾ
ജെറ്റ് എയർവേസിന്റെ ആസ്തികൾ വിറ്റ് പണമാക്കാൻ സുപ്രീംകോടതി വിധി വന്നതോടെ ഓഹരി ഉടമകളാണ് ആശങ്കയിലായിരിക്കുന്നത്. ഇതിൽതന്നെ 1.43 ലക്ഷത്തോളം ചെറുകിട ഓഹരി ഉടമകളുണ്ട്.
ഒരു കന്പനി ലിക്വിഡേറ്റ് ചെയ്യപ്പെടുന്പോൾ, അതിന്റെ അർഥം അതിന്റെ പ്രവർത്തനങ്ങൾ പൂർണമായി നിർത്തുക, ആസ്തികൾ വിൽക്കുക, കടങ്ങളും ബാധ്യതകളും തീർക്കാൻ വരുമാനം വിതരണം ചെയ്യുക എന്നിവയാണ്. ഇങ്ങനെ വരുന്പോൾ ഓഹരി ഉടമകൾക്ക് നഷ്ടമുണ്ടാകും.
ഇവർ ഫണ്ട് സ്വീകരിക്കുന്ന കാര്യത്തിൽ അവസാന സ്ഥാനത്തായിരിക്കും. മിക്ക ലിക്വിഡേഷൻ കേസുകളിലും, ഇക്വിറ്റി ഷെയർഹോൾഡർമാർക്ക് പലപ്പോഴും ഒന്നും ലഭിക്കുകയില്ല.