ഇന്ത്യൻ വിപണിക്കു ക്ഷീണം
ഓഹരി അവലോകനം / സോണിയ ഭാനു
Monday, November 11, 2024 12:03 AM IST
സംവത് 2081 വർഷത്തിലെ ആദ്യ വാരത്തിൽ ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾക്ക് കാലിടറി. വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന കാര്യം മുൻവാരം സൂചിപ്പിച്ചത് ശരിവയ്ക്കും വിധമായിരുന്നു കാര്യങ്ങളുടെ പോക്ക്.
യുഎസ് തെരഞ്ഞടുപ്പുഫലം പുറത്തുവന്നതോടെ വിദേശ ഫണ്ടുകൾ സൃഷ്ടിച്ച വിൽപ്പന തരംഗത്തിൽ ആടിയുലഞ്ഞ ഇന്ത്യൻ മാർക്കറ്റിന് പിന്നീട് കാര്യമായ തിരിച്ചുവരവിന് അവസരം ലഭിച്ചതുമില്ല. സെൻസെക്സ് 237 പോയിന്റും നിഫ്റ്റി സൂചിക 156 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
യുഎസ് ഇൻഡെക്സുകൾക്ക് കയറ്റം
യുഎസ് ഫെഡ് റിസർവ് വാരാന്ത്യം പലിശ കുറച്ചു. നാലര വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് അവർ മാറ്റം വരുത്തുന്നത്, അമേരിക്കൻ സന്പദ്ഘടനയ്ക്ക് കരുത്തു പകരാൻ നടത്തിയ നീക്കം ഡോളറിനെ കൂടുതൽ കരുത്തറ്റതാക്കി. സെപ്റ്റംബറിലും ഇപ്പോഴുമായി മൊത്തം 75 ബേസിസ് പോയിന്റ് കുറച്ചു. ഡിസംബറിൽ വീണ്ടും കുറവിന് സാധ്യത.
പുതിയ സാഹചര്യത്തിൽ യു എസ് ഇൻഡെക്സുകൾ തിളങ്ങും. ബ്ലൂചിപ്പ് ഓഹരികളിലെ ഫണ്ട് താത്പര്യം ഡൗ ജോണ്സിനെ സർവകാല റിക്കാർഡിലെത്തിച്ചു. തെരഞ്ഞടുപ്പ് ഫലം നാസ്ഡാക്ക്, എസ് ആൻഡ് പി ഇൻഡെക്സുകൾക്കും കരുത്തായി. ഡൗ സൂചിക 44,000 പോയിന്റിലേക്ക് കുതിച്ചു.
തിളങ്ങി, പിന്നെ മങ്ങി
നിഫ്റ്റി 24,304ൽ നിന്നും 23,830ലേക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചുവരവിൽ 24,531 പോയിന്റിലേക്ക് ഉയർന്നങ്കിലും ആ റേഞ്ചിൽ അധികം നേരം പിടിച്ചുനിൽക്കാനായില്ല. അതിനു മുന്നേ അമേരിക്കൻ കാറ്റിൽ ഇന്ത്യൻ കപ്പൽ ആടിയുലഞ്ഞതിനാൽ ക്ലോസിംഗിൽ 24,148ലേക്ക് തളർന്നു. നിഫ്റ്റി 23,809ലെ സപ്പോർട്ട് നിലനിർത്തി 24,509- 24,870 റേഞ്ചിലേക്ക് മുന്നേറാൻ ശ്രമിക്കാം. ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 23,470ലേക്ക് പരീക്ഷണങ്ങൾക്ക് ഇടയുണ്ട്. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലാണ്, എംഎസിഡി ദുർബലാവസ്ഥയിലും.
നിഫ്റ്റി നവംബർ ഫ്യൂച്ചർ 24,383ൽ നിന്നും ഇരു ദിശകളിലേയ്ക്കും ശക്തമായ ചാഞ്ചാട്ടത്തിന് ശേഷം 24,220ലാണ്. നിഫ്റ്റി ഫ്യൂച്ചർ ഓപ്പണ് ഇന്ററസ്റ്റ് 117.1 ലക്ഷം കരാറുകളിൽ നിന്ന് 130.8 ലക്ഷമായി ഉയർന്നങ്കിലും വിപണിയിലെ തളർച്ച കണക്കിലെടുക്കുന്പോൾ ഊഹക്കച്ചവടക്കാർ പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഉത്സാഹിച്ചതായി വേണം അനുമാനിക്കാൻ.
സെൻസെക്സ് 79,724ൽനിന്നും വിദേശ വിൽപ്പനയിൽ 78,311 ലേക്ക് താഴ്ന്നങ്കിലും പിന്നീട് 80,529 വരെ കയറി. എന്നാൽ, വീണ്ടും വിൽപ്പനക്കാർ രംഗത്ത് ഇറങ്ങിയതോടെ 79,200 റേഞ്ചിലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 79,486 പോയിന്റിലാണ്. വിൽപ്പന തുടർന്നാൽ 78,349ലേക്കും തുടർന്ന് 77,212 ലേയ്ക്കും തളരാം. അനുകൂല വാർത്തകൾക്ക് 80,576 - 81,666 റേഞ്ചിലേക്ക് സൂചികയെ ഉയർത്താനാവും.
രൂപയ്ക്കും തളർച്ച
വിദേശ ഫണ്ടുകൾ 19,638 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ 14,391 കോടി രൂപ നിക്ഷേപിച്ചു. ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്ക് താങ്ങ് പകരാൻ റിസർവ് ബാങ്ക് ഡോളർ ഇറക്കിയിട്ടും തകർച്ച തടയാനായില്ല. രൂപ 84.10 ൽ നിന്നും മുൻവാരം സുചിപ്പിച്ച 84.27ലെ പ്രതിരോധം തകർത്ത് 84.37ലേക്ക് ഇടിഞ്ഞു.
മുൻവാരങ്ങളിൽ രൂപയെ കുറിച്ചുള്ള നമ്മുടെ വിശാലമായ വിലയിരുത്തലുകൾ ശരിവയ്ക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ മൂല്യം 84.49ലേക്ക് ഇടിയാം. ഈ റേഞ്ചിൽനിന്നും 84.20ലേക്ക് ഒരു തിരിച്ചു വരവിനുള്ള സാധ്യതകൾ സാങ്കേതികമായി നൽക്കുന്നുണ്ടെങ്കിലും വിദേശ ഫണ്ടുകളുടെ നീക്കങ്ങളും പണപ്പെരുപ്പവും കണക്കിലെടുത്താൽ വർഷാന്ത്യത്തിന് മുന്നേ രൂപ 84.90 ലേയ്ക്ക് തകരാം. റിസർവ് ബാങ്ക് ഡിസംബർ വരെ കാത്തുനിൽക്കാതെ അടിയന്തരയോഗത്തിൽ പലിശ കുറച്ചാൽ സാന്പത്തികമേഖല കൂടുതൽ പ്രതിസന്ധിയിൽ അകപ്പെടുന്നത് ഒഴിവാക്കാനാവും.
വിദേശനാണ്യ ശേഖരത്തിൽ ഇടിവ്. നവംബർ ഒന്നിന് അവസാനിച്ച വാരം കരുതൽധനം 260 കോടി ഡോളർ ഇടിഞ്ഞ് 68,213 കോടി ഡോളറായെന്ന് കേന്ദ്ര ബാങ്ക്. സെപ്റ്റംബർ 27 ന് അവസാനിച്ച വാരം കരുതൽധനം 70,000 കോടി രൂപയ്ക്ക് മുകളിലായിരുന്നു.
സ്വർണത്തിലെ ബുള്ളിഷ് ട്രെൻഡിന് താത്കാലിക വിരാമം. ന്യൂയോർക്കിൽ സംഭവിച്ച വിലത്തകർച്ച മുന്നോട്ടുള്ള യാത്രയെ താത്കാലികമായി തടഞ്ഞു. ട്രോയ് ഒൗണ്സിന് 2750 വരെ ഉയർന്ന അവസരത്തിൽ ഡോളർ കരുത്തു കാണിച്ചതോടെ ഫണ്ടുകൾ സ്വർണം വിറ്റ് ഡോളറിനായി മത്സരിച്ച് ഡെയ്ലി ചാർട്ട് ഡാമേജിനിടയാക്കി.
കഴിഞ്ഞവാരം വ്യക്തമാക്കിയതാണ് 2694 ഡോളറിലെ സപ്പോർട്ട് നിലനിൽക്കുവോളം മുന്നേറാനുളള പ്രവണത തുടരുമെന്ന്. എന്നാൽ വാരത്തിന്റെ രണ്ടാം പകുതിയിൽ ആ സപ്പോർട്ട് തകർത്ത് സ്വർണം 2647ലേക്ക് ഇടിഞ്ഞതിനാൽ ഈ വർഷം ഇനി 3000 ഡോളറിലേക്കുള്ള സാധ്യതകൾക്ക് മങ്ങലേൽക്കും. മുൻവാരം സൂചിപ്പിച്ച സപ്പോർട്ടിലും 10 ഡോളർ ഇടിഞ്ഞ് 2684 ഡോളറായ സ്വർണം ക്രിസ്മസിനു മുന്നേ 200 ഡോളറിന്റെ തിരുത്തലിന് ശ്രമിച്ചാൽ 2484 ഡോളറിൽ ഈ വർഷം സപ്പോർട്ട് പ്രതീക്ഷിക്കാം. ഓഗസ്റ്റിൽ 2478 ഡോളറിൽ ഉടലെടുത്ത ബുൾ റാലിയാണ് സ്വർണത്തെ സർവകാല റിക്കാർഡായ 2790 ഡോളർ വരെ നയിച്ചത്.