’ആകാശം പരിധിയല്ല, തുടക്കം മാത്രം’; വിട പറഞ്ഞു വിസ്താര
Monday, November 11, 2024 11:11 PM IST
ന്യൂഡൽഹി: പരിധികളില്ലാതെ വ്യാപിക്കുക എന്നാണ് ‘വിസ്താര’ എന്ന സംസ്കൃത പദത്തിന്റെ അർഥം.
ഇന്ത്യൻ ആകാശ സഞ്ചാരികളുടെ പ്രിയപ്പെട്ട എയർലൈൻ കന്പനി ഒൻപതു വർഷത്തെ സേവനം അവസാനിപ്പിക്കുന്പോഴും ആകാശം പരിധിയല്ല തുടക്കം മാത്രമാണെന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് ഓർമയായത്. 2015ൽ പ്രവർത്തനമാരംഭിച്ച വിസ്താര എയർലൈൻസ് ഇന്നു മുതൽ എയർ ഇന്ത്യ എന്ന ബ്രാൻഡിലാണ് അറിയപ്പെടുക.
വിസ്താരയും എയർ ഇന്ത്യ കന്പനിയും തമ്മിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിസ്താരയുടെ സേവനങ്ങൾ അവസാനിപ്പിക്കുന്നത്. വിസ്താരയുടെ 70 വിമാനങ്ങളും ഇനി നിയന്ത്രിക്കുക എയർ ഇന്ത്യയായിരിക്കും.
വിസ്താരയുടെ അവസാനത്തെ സർവീസ് ഇന്നലെ രാത്രിയിലെ ഡൽഹി-സിംഗപ്പുർ സർവീസായിരുന്നു.
ലയനം പൂർത്തിയതോടെ UK എന്ന ഫ്ളൈറ്റ് കോഡുപയോഗിച്ചിരുന്ന വിസ്താരയുടെ വിമാനങ്ങൾ ഇനി മുതൽ 2ൽ തുടങ്ങുന്ന എയർ ഇന്ത്യ ഫ്ളൈറ്റ് കോഡുകളായിരിക്കും ഉപയോഗിക്കുക.
ഉദാഹരണത്തിനു UK 181 എന്ന കോഡുപയോഗിച്ചിരുന്ന വിസ്താര വിമാനം ഇനി മുതൽ AI 2181 എന്നായിരിക്കും. അതേ സമയം വിസ്താരയുടെ റൂട്ടുകളിലും സമയക്രമങ്ങളിലും മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.