വെള്ളിയോ സ്വർണമോ?
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
Monday, November 11, 2024 12:03 AM IST
‘പാവപ്പെട്ടവന്റെ സ്വർണം’ എന്നറിയപ്പെടുന്ന വെള്ളി ഈ വർഷം സ്വർണത്തെക്കാൾ കൂടുതൽ വരുമാനം നൽകിയെന്നാണ് കണക്കുകൾ പറയുന്നത്. 2024 ജനുവരിൽ ഒന്നിന് വെള്ളിയിൽ നിക്ഷേപം നടത്തിയ ഒരാൾക്ക് 2024 നവംബർ 3-ലെ നിരക്കനുസരിച്ച് 30 ശതമാനം നേട്ടം ഉണ്ടായെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഇതേ കാലയളവിൽ സ്വർണത്തിൽ നിക്ഷേപം നടത്തിയ ആൾക്ക് 24.63 ശതമാനത്തിന്റെ വളർച്ചയാണ് ലഭിക്കുക.
2025 എന്ന പുതുവർഷത്തിന് ഏകദേശം ഒന്നരമാസം കൂടിയുള്ളപ്പോൾ നിക്ഷേപകർ ഉറ്റുനോക്കുന്നത് വെള്ളി അതിന്റെ മുകളിലേക്കുള്ള സ്വർണത്തെ മറികടക്കുന്ന പാത തുടരുമോ എന്നതിനാണ്.
ശക്തം, പക്ഷേ അസ്ഥിരം
2024ൽ വെള്ളി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ഇതുകൊണ്ട്തന്നെ പരന്പരാഗത ആസ്തികളിൽ നിക്ഷേപം നടത്തുന്നവർക്ക് ഒരു ബദലിലേക്ക് നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് താത്പര്യം ജനിച്ചു.
വാല്യു റിസേർച്ചിന്റെ റിപ്പോട്ടുകളിൽ പറയുന്നത് വെള്ളിക്ക് ശക്തമായ ഹ്രസ്വകാല നേട്ടങ്ങൾ നല്കാൻ കഴിയുമെങ്കിലും ചരിത്രപരമായി സ്വർണത്തേക്കാൾ വളരെയധികം ചാഞ്ചാട്ടം കാണിച്ചിരുന്നുവെന്നാണ്.
കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുനോക്കിയാൽ, 2019 നവംബർ മുതൽ 2024 നവംബർ വരെ വെള്ളി മികച്ച റിട്ടേണ്‍ നൽകിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ -2 ശതമാനത്തിൽനിന്നും 21 ശതമാനം വരെയായിരുന്നു ഏറ്റക്കുറച്ചിലുകൾ. അതേസമയം സ്വർണം ഏഴു ശതമാനം മുതൽ 19 ശതമാനം വരെ സ്ഥിരത പുലർത്തി.
ഈ കാലയളവിൽ രണ്ട് ലോഹങ്ങളും ശരാശരി 12% ആദായം നൽകി, എന്നാൽ, സ്വർണം സ്ഥിരത നിലനിർത്തി. കഴിഞ്ഞ 17 വർഷങ്ങളിൽ 11 വർഷങ്ങളിലും വെള്ളിയേക്കാൾ മികച്ച പ്രകടനം സ്വർണമാണ് കാഴ്ചവച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയുടെ പ്രകടനത്തിലെ ഏറ്റക്കുറച്ചിലുകൾ ദീർഘകാല നിക്ഷേപകർക്ക് കൂടുതൽ അപകടകരമായ തെരഞ്ഞെടുപ്പാകും. വെള്ളിയെ സംബന്ധിച്ചിടത്തോളം, ഏകദേശം 90 ശതമാനം സമയവും ഈ അപകടസാധ്യത 25 ശതമാനത്തിൽ കൂടുതലായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വെള്ളിക്ക് വലിയ വിലയിടിവ് അനുഭവപ്പെട്ടു, ഇത് കൂടുതൽ പ്രവചനാതീതമാണ്. മറുവശത്ത്, സ്വർണം സ്ഥിരതയുള്ളതായിരുന്നു, അതിന്റെ അപകടസാധ്യത 11 ശതമാനത്തിനും 14 ശതമാനത്തിനും ഇടയിലാണ്.
ഈ വിലസ്ഥിരത, വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കെതിരേ പ്രത്യേകിച്ച് യാഥാസ്ഥിതിക നിക്ഷേപകർക്ക്, സ്വർണത്തെ സുരക്ഷിതമായ ഒരു നിക്ഷേപമാക്കി മാറ്റുന്നു.
പോർട്ട്ഫോളിയോയിൽ വെള്ളി
ഒരു സന്തുലിതമായ പോർട്ട്ഫോളിയോയിൽ വെള്ളി വലിയ പങ്ക് അർഹിക്കുന്നുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നവർക്ക്, ക്യാപിറ്റൽമൈൻഡിന്റെ റിപ്പോർട്ടിൽനിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ മറിച്ചാണ് സൂചിപ്പിക്കുന്നത്. ഇവരുടെ കണ്ടെത്തലിൽ പോർട്ട്ഫോളിയോ സ്ഥിരതയിലേക്ക് വെള്ളിയുടെ സംഭാവന പരിമിതമെന്ന് വ്യക്തമാക്കുന്നുണ്ട്. ഒരു ശിപാർശിത പോർട്ട്ഫോളിയോ കോന്പിനേഷൻ 62 ശതമാനം സ്വർണം, 35 ശതമാനം ഓഹരികൾ (ഇക്വിറ്റികൾ), 3 % വെള്ളിയും ആയിരിക്കും. ഇത് കുറഞ്ഞ അസ്ഥിരതയ്ക്കൊപ്പം ഉറപ്പായ റിട്ടേണ്‍ സാധ്യതകളും സന്തുലിതമാക്കുന്നു.
വെള്ളിക്ക് ഡിമാൻഡ്, വില കൂടാൻ സാധ്യത
വിലയിൽ അസ്ഥിരതയുണ്ടെങ്കിലും 2025 വെള്ളിക്ക് ശക്തമായ വർഷമായിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഫെഡറൽ റിസർവ് സമീപകാലങ്ങളിൽ നിരക്ക് വെട്ടിക്കുറച്ചത് വിലയേറിയ ലോഹങ്ങൾക്ക് ഡിമാൻഡ് വർധിപ്പിക്കും, കാരണം കുറഞ്ഞ നിരക്കുകൾ വെള്ളിപോലുള്ള ചരക്കുകൾക്കു ഗുണം ചെയ്യും.
ഇന്ത്യയിലേക്കുള്ള വെള്ളിയുടെ ഇറക്കുമതി അടുത്ത മാസങ്ങളിൽ ഉയർന്നേക്കുമെന്നും ഈ സാന്പത്തികവർഷത്തിന്റെ അവസാനത്തോടെ 6500 മുതൽ 7000 ടണ്‍ വരെ ഉയർന്നേക്കാമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ശക്തമായ പ്രാദേശിക ആവശ്യവും അനുകൂലമായ ആഗോള നാണയ നയങ്ങളും വെള്ളിയിയുടെ വില ഒൗണ്‍സിന് ഏകദേശം 35 മുതൽ 37 ഡോളർ വരെയായി ഉയർത്തിയേക്കാം. ചിലപ്പോൾ 40 ഡോളർ വരെ ഉയരത്തിലെത്താനും ഇടയാകാം.
2025ലെ നിക്ഷേപസാധ്യത
2025ൽ വെള്ളിയിലെ വളർച്ച സ്വർണത്തെ മറികടക്കുമോ എന്ന ചോദ്യം പ്രധാനമായും വികസിച്ചുകൊണ്ടിരിക്കുന്ന സാന്പത്തിക ഭൂപ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു.
വിപണിയിലെ അപകടസാധ്യതകൾ കൂടുതൽ എടുക്കാൻ താതപര്യമുള്ളവർക്ക് വെള്ളിയുടെ ശക്തമായ സമീപകാല പ്രകടനവും അനുകൂലമായ ഹ്രസ്വകാല നേട്ടങ്ങളും ഇതിനെ ആകർഷകമായ ഓപ്ഷനാക്കി മാറ്റുന്നു. നിലവിലെ മുകളിലേക്കുള്ള പ്രവണ ത നിലനിർത്തിയാൽ നിക്ഷേപകർക്ക്, വരുമാനം വർധിപ്പിക്കും. എന്നിരുന്നാലും, സ്ഥിരത തേടുന്നവർക്ക്, വിലയിൽ വലിയ ചാഞ്ചാട്ടം കാണിക്കാത്തതുകൊണ്ട് സ്വർണം സുരക്ഷിതമായ നിക്ഷേപമായി തുടരുന്നു.