കച്ചവടം കുറവ്; നിസാൻ ജീവനക്കാരെ പിരിച്ചുവിടുന്നു
Saturday, November 9, 2024 12:30 AM IST
ടോക്കിയോ: വാഹനവിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ടതിനെ തുടർന്നുണ്ടായ നഷ്ടം നികത്താൻ ആഗോളതലത്തിൽ 9,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ജപ്പാൻ വാഹന നിർമാണ കന്പനിയായ നിസാൻ.
കന്പനിയുടെ നിലവിലെ മോശം അവസ്ഥയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് തന്റെ ശന്പളം 50 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് മക്കോട്ടോ ഉചിദ പറഞ്ഞു. കന്പനി ശക്തമായിത്തന്നെ തിരിച്ചുവരുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ആഗോളതലത്തിൽ നിസാന്റെ ഉത്പാദനശേഷി 20 ശതമാനം കുറയ്ക്കുമെന്നും പ്രഖ്യാപിച്ചു.
സാന്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ അറ്റാദായത്തിൽ 94 ശതമാനം ഇടിവ് കന്പനിക്കുണ്ടായി. സെപ്തംബർ വരെയുള്ള അവസാന പാദത്തിൽ 500 കോടിയോളം രൂപയുടെ നഷ്ടമാണ് നിസാനുണ്ടായത്.
കഴിഞ്ഞ വർഷം ഇതേ സമയത്ത് വലിയ ലാഭമാണ് കന്പനി നേടിയത്. ഇതിനിടെ നിസാൻ കന്പനിയുടെ കുറച്ച് ഓഹരികൾ മിസ്തുബിഷി മോട്ടോഴ്സ് കോർപറേഷനു വിൽക്കാൻ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. കന്പനിയുടെ ഓഹരികളും ഇടിഞ്ഞിരിക്കുകയാണ്. യുഎസിലും നിസാൻ കാറുകളുടെ വിൽപ്പന ഇടിഞ്ഞു.
മറ്റ് വാഹന നിർമാതാക്കളെപ്പോലെ വാഹന നിർമാണത്തിൽ പെട്ടെന്നൊരു മാറ്റം കൊണ്ടുവരാൻ കഴിയാത്തതാണ് നിസാനുണ്ടായ തിരിച്ചടികൾക്കു കാരണം. ചൈനയിൽ ഇവിയിലുണ്ടായ കുതിച്ചുചാട്ടം മുതലാക്കി ബിവൈഡ് പോലുള്ള ആഭ്യന്തര ബ്രാൻഡുകൾ വിപണി പിടിച്ചെടുത്തു.
യുഎസിൽ ഹൈബ്രിഡ് വാഹനങ്ങളാണ് ജനപ്രിയമാകുന്നത്. ഫോർഡ്, ടൊയോട്ട, ടെസ്ല കാറുകളാണ് നിസാന്റെ വിപണി പിടിച്ചത്.