രൂപയ്ക്ക് ഇടിവ്
Monday, November 11, 2024 11:11 PM IST
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതു തുടരുന്നു. ഇന്നലെ രണ്ടു പൈസ കുറഞ്ഞ് സർവകാല റിക്കാർഡ് തിരുത്തി പുതിയ താഴ്ചയിലെത്തി. 84 രൂപ 39 പൈസയാണ് രൂപയുടെ ഇന്നലെത്തെ മൂല്യം. റിസർവ് ബാങ്കിന്റെ ഇടപെടലാണ് രൂപയെ വൻ തകർച്ചയിൽനിന്നു രക്ഷിച്ചത്.
ഡോളർ ശക്തിപ്രാപിക്കുന്നതിനൊപ്പം ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിക്കുന്നത്. ഡോളർ സൂചികയിലെ മുന്നേറ്റം മയപ്പെടുത്തുകയോ വിദേശ ഫണ്ടുകളുടെ ഒഴുക്ക് കുറയ്ക്കുകയോ ചെയ്തില്ലെങ്കിൽ രൂപ സമ്മർദത്തിലായിരിക്കുമെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഡോളറിനെതിരേ 84.38 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം ആരംഭിച്ചത്. ഇടയ്ക്ക് 84.37ലേക്ക് ഉയർന്നശേഷം 84.39ലേക്കു താഴ്ന്നു. അവസാനം 84.39ൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിനെതിരേ അഞ്ചു പൈസ ഇടിഞ്ഞ് 84.37ലാണ് വ്യാപാരം നടത്തിയത്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയമാണ് ഡോളറിനെ ശക്തിപ്പെടുത്തിയത്. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്ന് ഒക്ടോബോറിൽ 11 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് പിൻവലിച്ചത്. നവംബറിൽ പിൻവലിക്കൽ 2.50 ബില്യണിലെത്തി നിൽക്കുന്നു.
രൂപ മാത്രമല്ല ആറ് കറൻസികളും ഡോളറിനു മുന്നിൽ ഇടിഞ്ഞു. യുഎസ് ഡോളർ ഇൻഡക്സ് 105.30 നിലവാരത്തിലെത്തി.
രൂപയുടെ വിലയിടിയുന്നത് വിലക്കയറ്റത്തിന് കാരണമാകും. അതുകൊണ്ടുതന്നെ രക്ഷാനടപടികളുമായി റിസർവ് ബാങ്ക് രംഗത്തെത്തി. വിദേശനാണയശേഖരത്തിൽനിന്ന് ഡോളർ വിറ്റഴിക്കുകയാണ്.
ഇതേത്തുടർന്ന് ഫെഡറൽ റിസർവിൽ ഇടിവുണ്ടായി. കഴിഞ്ഞ രണ്ടാഴ്ചയായി 2.675 ബില്യണ്‍ ഡോളറിന്റെയും 3.463 ബില്യണ്‍ ഡോളറിന്റെയും ഇടിവാണുണ്ടായത്.
ക്രൂഡ് ഓയിൽ വിലയിൽ 1.04 ശതമാനത്തിന്റെ ഇടിവുണ്ടായി. ബാരലിന് 73.10 ഡോളറിലെത്തി.