പച്ചക്കറി വില കൂടി; രാജ്യത്ത് പണപ്പെരുപ്പം 6.21%
Wednesday, November 13, 2024 12:07 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ഒക്ടോബറില്‍ 6.21 ശതമാനത്തിലെത്തി. ഗ്രാമീണമേഖലകളിലെ പണപ്പെരുപ്പം 6.68 ശതമാനവും നഗരമേഖലകളിലെ പണപ്പെരുപ്പം 5.62 ശതമാനമായെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്.
ദക്ഷിണേന്ത്യയില്‍ പണപ്പെരുപ്പനിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. കേരളത്തിന്റെ റീട്ടെയില്‍ പണപ്പെരുപ്പം ദേശീയ ശരാശരിയെയും കടത്തിവെട്ടി 6.47 ശതമാനത്തിലെത്തി.
ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം 6.98 ശതമാനവും നഗരങ്ങളിലേത് 5.37 ശതമാനവുമായി. രാജ്യത്തെ പച്ചക്കറിവില കൂടിയതാണ് പണപ്പെരുപ്പം കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഉള്ളി, തക്കാളി എന്നിവയുടെ വില രാജ്യത്തു പലയിടത്തും ഇരട്ടിയിലേറെയാണ് കൂടിയത്.