എടിഎമ്മുകൾ കുറയുന്നു
Saturday, November 9, 2024 12:30 AM IST
മുംബൈ: യുപിഐ പോലുള്ള ഡിജിറ്റൽ പേയ്മെന്റുകളുടെ വർധിച്ചുകൊണ്ടിരിക്കുന്ന ജനപ്രീതി കണക്കിലെടുത്ത് ഇന്ത്യയിലെ ബാങ്കുകൾ എടിഎമ്മുകളുടെയും കാഷ് റീസൈക്ലറുകളുടെയും എണ്ണം കുറച്ചുകൊണ്ടു വരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ എടിഎമ്മുകളുടെ എണ്ണം 2023 സെപ്റ്റംബറിൽ 2,19,000 ആയിരുന്നത് 2024 സെപ്റ്റംബറിൽ 2,15,000 ആയി കുറഞ്ഞു.
ബാങ്കുകൾ ഓഫ്-സൈറ്റ് എടിഎമ്മുകൾ ഗണ്യമായി കുറച്ചതാണ് ഈ ഇടിവിന് കാരണം. 2022 സെപ്റ്റംബറിൽ ഓഫ്-സൈറ്റ് എടിഎമ്മുകൾ 97,072 ആയിരുന്നെങ്കിൽ 2024 സെപ്റ്റംബറിൽ ഇത് 87,870 ആയി കുറഞ്ഞു.
ഇന്ത്യയുടെ സന്പദ്വ്യവസ്ഥയിൽ കറൻസികൾക്ക് ഇപ്പോഴും ഒരു പ്രധാന പങ്കുണ്ട്. 2022 സാന്പത്തിക വർഷത്തിലെ 89 ശതമാനം ഇടപാടുനോട്ടുകൾ ഉപയോഗിച്ചായിരുന്നു. 10000 പേർക്ക് 15 മെഷീനുകളുള്ള ഇന്ത്യയിൽ ഇത് ഉപയോഗിക്കുന്നവർ കുറയുകയാണ്.
സൗജന്യ എടിഎം ഇടപാടുകൾ, മറ്റു ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കുന്പോഴുളള നിബന്ധനകൾ, ഇന്റർചേഞ്ച് ഫീസ് എന്നിവ സംബന്ധിച്ച ആർബിഐ നിയന്ത്രണങ്ങൾ എടിഎം ഉപയോഗിക്കുന്നതിൽ ജനങ്ങളെ കൂടുതൽ നിരുത്സാഹപ്പെടുത്തുന്നതായിരുന്നു.
ഓരോ ബ്രാഞ്ചിനും രണ്ട് എടിഎമ്മുകൾ എന്ന ആഗോള മാതൃക ഇന്ത്യയും താമസിയാതെ സ്വീകരിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധർ കരുതുന്നു. ബ്രാഞ്ചിന് ഒരു ഓണ്-സൈറ്റ് എടിഎം, ഒരു ഓഫ്-സൈറ്റ് എടിഎം എന്ന ക്രമത്തിൽ ആയിരിക്കും ഉണ്ടാകുക.
ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് ഉപയോക്താക്കളുടെ വർധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാനുള്ള ശ്രമങ്ങളാണ് ബാങ്കുകൾ നടത്തുന്നത്.