രൂപയുടെ ഇടിവ് തുടരുന്നു
Friday, November 8, 2024 12:32 AM IST
മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഡോളറിനെതിരേ രൂപ ഇടിഞ്ഞു. ആറു പൈസ ഇടിഞ്ഞ് 84.37 എന്ന സർവകാല റിക്കാർഡ് താഴ്ചയിലാണെത്തിയിരിക്കുന്നത്.
ആഭ്യന്തര ഓഹരികൾ ദുർബലമായതും വിദേശ ഫണ്ട് പുറത്തേക്ക് ഒഴുകുന്നതും രൂപയുടെ ഇടിവിനു കാരണമായി.
യുഎസ് ഫെഡ് മീറ്റിംഗ് ഫലത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പുലർത്തുന്നതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. മാത്രമല്ല, അസംസ്കൃത എണ്ണ വിലയിൽ ഒറ്റരാത്രികൊണ്ട് ഉണ്ടായ നേട്ടവും പ്രാദേശിക യൂണിറ്റിനെ ബാധിച്ചു.
രൂപ ഇന്നലെ ചെറിയ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിത്. ഡോളറിനെതിരേ 84.26 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീടിത് 84.38 വരെയായി താഴ്ന്നു. അവസാനം ആറു പൈസ നഷ്ടത്തിൽ 84.37ൽ വ്യാപാരം അവസാനിച്ചു.