ഓഹരി വിപണി അരങ്ങേറ്റം തകർത്ത് സ്വിഗ്ഗി
Wednesday, November 13, 2024 11:14 PM IST
ന്യൂഡൽഹി: പ്രമുഖ ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ ഓഹരി വിപണിയിലെ അരങ്ങേറ്റത്തിന് പിന്നാലെ കോടിപതികളായി കന്പനിയിലെ നിലവിലെ ജീവനക്കാരും മുൻ ജീവനക്കാരും.
5,000 ജീവനക്കാർക്ക് ഇഎസ്ഒപി (എംപ്ലോയിസ് സ്റ്റോക്ക് ഒാപ്ഷൻ പ്ലാൻ) വഴി 9000 കോടി രൂപയാണ് എത്തുക. ഇതുവഴി 5000 ജീവനക്കാരിൽനിന്ന് 500 ജീവനക്കാരാണ് കോടീശ്വരന്മാരായി മാറുന്നത്.
ഐപിഒയിൽ 371 മുതൽ 390 രൂപ വരെയായിരുന്നു സ്വിഗ്ഗിയുടെ പ്രൈസ് ബാൻഡ്. എട്ടു ശതമാനം പ്രീമിയത്തിലാണ് സ്വിഗ്ഗി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഓഹരികൾ വിപണിയിൽ 7.69 ശതമാനം ഉയർന്ന് 412 രൂപയിലാണ് ബിഎസ്ഇയിലെ ഓഹരികൾ ലിസ്റ്റ് ചെയ്തത്. ഇത് പിന്നീട് 7.67 ശതമാനം ഉയർന്ന് 420 രൂപയിലെത്തി.
നവംബർ ആറു മുതൽ എട്ടു വരെയായിരുന്നു ഐപിഒ. 3.59 മടങ്ങ് അധികം സബ്സ്ക്രിപ്ഷനാണ് ഐപിഒയ്ക്ക് ലഭിച്ചത്. വില്പനയ്ക്ക് വച്ചിരുന്ന 16.01 കോടി ഓഹരികൾക്ക് പകരം 57.53 കോടി ഓഹരികൾക്കാണ് അപേക്ഷകൾ ലഭിച്ചത്.
89,549.08 കോടി രൂപയായിരുന്നു ആദ്യകാല വ്യാപാരത്തിൽ കന്പനിയുടെ വിപണി മൂല്യം. 11,327 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് സ്വിഗ്ഗി ഐപിഒയുമായി എത്തിയത്. പുതിയ ഓഹരികൾ വില്പനയ്ക്കു വച്ചും ഓഫർ ഫോർ സെയിലിലൂടെയുമായിരുന്നു ഐപിഒ.