സമ്പൂർണ സൗരോർജ ഡെയറിയായി തൃപ്പൂണിത്തുറ മിൽമ
Saturday, November 9, 2024 11:18 PM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ മിൽമ ഡെയറി രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ഗ്രിഡ് സൗരോര്‍ജ ഡെയറിയായി. രണ്ട് മെഗാവാട്ടിന്റെ സൗരോര്‍ജ പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
ഡെയറി വളപ്പിലെ തടാകത്തില്‍ സ്ഥാപിച്ചിരിക്കുന്ന എട്ട് കെവിയുടെ ഫ്ലോട്ടിംഗ് സൗരോർജ പാനലുകള്‍, കാര്‍പോര്‍ച്ച് മാതൃകയില്‍ സജ്ജീകരിച്ച 102 കിലോവാട്ട് സോളാര്‍ പാനലുകള്‍, ഗ്രൗണ്ടില്‍ 1890 കിലോവാട്ട് സോളാര്‍ പാനലുകള്‍ എന്ന രീതിയിലാണു സൗരോർജ പ്ലാന്റ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.
ബിഐഎസ് അംഗീകരിച്ച 540 ഡബ്ല്യുപി സ്വെലെക്ട് എച്ച്എച്ച്വി മോണോ പെര്‍ക് ഹാഫ് കട്ട് മൊഡ്യൂളുകള്‍, ഓസ്ട്രിയയില്‍നിന്നുള്ള ഫ്രോണിയസ് ഇന്‍വര്‍ട്ടറുകളുടെ 100 കിലോവാട്ട് വീതമുള്ള 16 യൂണിറ്റുകള്‍, മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ കാറ്റിനെ പ്രതിരോധിക്കാനാകുംവിധം രൂപകല്പന ചെയ്ത ഗാല്‍വനൈസ്ഡ് അയണ്‍ മൗണ്ടിംഗ് ഘടനകള്‍ എന്നിവയും പ്ലാന്റിലുണ്ട്.
തടസമില്ലാത്ത നിരീക്ഷണത്തിനും കെഎസ്ഇബിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സ്കാഡ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
16 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതല്‍മുടക്ക്. സൗരോര്‍ജ നിലയം വഴി പ്രതിവര്‍ഷം 2.9 ദശലക്ഷം യൂണിറ്റ് (ജിഡബ്ല്യുഎച്ച്) ഹരിതോര്‍ജം ഉത്പാദിപ്പിച്ച് പ്രതിവര്‍ഷം 1.94 കോടി രൂപ ഊര്‍ജ ചെലവിനത്തില്‍ ലാഭിക്കാനാകുമെന്നാണു പ്രതീക്ഷ. അനെര്‍ട്ടാണ് പ്രോജക്ടിന്റെ സാങ്കേതിക മേല്‍നോട്ടം വഹിച്ചത്.