സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഗൂഗിള്‍ ബൂട്ട് ക്യാമ്പ്
Saturday, November 9, 2024 12:30 AM IST
കൊച്ചി: ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സ് എഐ അക്കാദമി ഇന്ത്യ 2024ന്റെ ത്രിദിന ബൂട്ട് ക്യാമ്പ് കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നടന്നു. കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി വകുപ്പിന്റെ മൈറ്റി സ്റ്റാര്‍ട്ടപ്പ് ഹബ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് തുടങ്ങി ഏഴോളം സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.
ആരോഗ്യം, കാലാവസ്ഥ, കൃഷി, വിദ്യാഭ്യാസം, സാമ്പത്തിക ഉള്‍ക്കൊള്ളല്‍, സൈബര്‍ സെക്യൂരിറ്റി, പൊതു അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട 24 സ്റ്റാര്‍ട്ടപ്പുകളാണ് ക്യാമ്പില്‍ പങ്കെടുത്തത്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂന്നര ലക്ഷം ഡോളര്‍ മൂല്യം വരെയുള്ള ക്ലൗഡ് സേവനം ഉപയോഗിക്കാനുള്ള അവസരം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ വിഭവശേഷി, വിദഗ്ധോപദേശം, പരിശീലനം, വികസനത്തിനാവശ്യമായ അടിസ്ഥാനസൗകര്യം തുടങ്ങിയവ നല്‍കുന്നതിനാണു പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി.