ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ ജയിൽമോചിതനായി
Sunday, March 9, 2025 12:20 AM IST
സീയൂൾ: പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചതിനുള്ള ക്രിമിനൽ കേസിൽ അറസ്റ്റിലായിരുന്ന ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൾ ജയിൽമോചിതനായി. അദ്ദേഹത്തിനെതിരായ അറസ്റ്റ് വാറന്റ് വെള്ളിയാഴ്ച സീയൂൾ കോടതി റദ്ദാക്കിയിരുന്നു. പ്രോസിക്യൂഷൻ ഇതിനെതിരേ അപ്പീൽ നല്കാതിരുന്ന പശ്ചാത്തലത്തിലാണ് ഇന്നലെ ജയിൽമോചിതനായത്.
ഡിസംബർ മൂന്നിന് ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിക്കുകയും മണിക്കൂറുകൾക്കം പിൻവലിക്കുകയും ചെയ്ത യൂണിനെ പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് ഇംപീച്ച് ചെയ്തിരുന്നു. പട്ടാളനിയമം പ്രഖ്യാപിച്ചതിന്റെ പേരിൽ പോലീസ് എടുത്ത അട്ടിമറിക്കേസിൽ ജനുവരി 15നാണ് യൂൺ അറസ്റ്റിലായത്.
യൂണിനെതിരായ കേസിന്റെ നിമയസാധുത ചോദ്യംചെയ്തുകൊണ്ടാണ് വെള്ളിയാഴ്ച കോടതി അറസ്റ്റ് വാറന്റ് റദ്ദാക്കിയത്. ജയിലിൽനിന്നു പുറത്തിറങ്ങിയ യൂൺ, കോടതിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതായി പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, അപ്പീൽ നല്കാതിരുന്ന പ്രോസിക്യൂഷനെതിരേ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്.
യൂണിനെ ഇംപീച്ച് ചെയ്ത നടപടി ഭരണഘടനാ കോടതി അംഗീകരിക്കേണ്ടതുണ്ട്. വരും ദിവസങ്ങളിൽ കോടതിവിധി ഉണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
യൂണിന്റെ അനുയായികളും എതിരാളികളും ഇന്നലെ സീയൂൾ നഗരത്തിൽ വൻ പ്രകടനങ്ങ ൾ നടത്തി.