പൊന്തിഫിക്കൽ സയന്‍സ് അക്കാദമിയിലേക്ക് നാസ ശാസ്ത്രജ്ഞയും ചൈനീസ് ജീവശാസ്ത്രജ്ഞനും
Sunday, March 9, 2025 12:20 AM IST
വത്തിക്കാന്‍ സിറ്റി: ശാസ്ത്ര സംബന്ധമായ വിഷയങ്ങളില്‍ പഠനം നടത്തുന്ന വത്തിക്കാനിലെ വിഭാഗമായ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിൽ അംഗങ്ങളായി യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിലെ ശാസ്ത്രജ്ഞ മരിയ സുബർ, ചൈനീസ് ജീവശാസ്ത്രജ്ഞന്‍ മെങ് ആൻമിംഗ് എന്നിവരുള്‍പ്പെടെ അഞ്ചുപേരെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ജനിതകശാസ്ത്രജ്ഞ പ്രഫ. ഒലിവിയർ പൗർക്വി, ചിലിയൻ തന്മാത്രാ ജനിതകശാസ്ത്രജ്ഞൻ ലൂയിസ് ഫെർണാണ്ടോ ലാറോണ്ടോ കാസ്ട്രോ, മെക്സിക്കൻ പരിസ്ഥിതിശാസ്ത്രജ്ഞ സെസിലിയ ടോർട്ടജാഡ എന്നിവരാണ് നിയമിക്കപ്പെട്ട മറ്റ് അംഗങ്ങൾ. ഭ്രൂണ ഗവേഷണത്തിൽ വൈദഗ്ധ്യം നേടിയയാളാണു മെങ് ആൻമിംഗ്.
നിരവധി നാസ ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കൻ ഗ്രഹ ശാസ്ത്രജ്ഞയാണ് മരിയ സുബർ. വിവിധ ശാസ്ത്രമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച 80 അംഗങ്ങളാണ് പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിലുള്ളത്. 1936ൽ പീയൂസ് പതിനൊന്നാമൻ മാർപാപ്പയാണ് പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ് സ്ഥാപിച്ചത്.
ശാസ്ത്രപുരോഗതിയും വിവിധ വിഷയങ്ങളിലുള്ള ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ് പ്രമുഖ അന്താരാഷ്ട്ര വിദഗ്ധരെ ഒന്നിച്ച് അണിനിരത്തുന്നു.
പ്രധാന ശാസ്ത്രീയ, ധാർമിക വിഷയങ്ങൾ പരിശോധിക്കുന്നതിനായി വത്തിക്കാൻ സംഘടിപ്പിക്കുന്ന പഠന ഗ്രൂപ്പുകളിലും മീറ്റിംഗുകളിലും അംഗങ്ങൾ പങ്കെടുക്കുന്നു.