ഹാക്മാനും ഭാര്യയും മരിച്ചത് സ്വാഭാവിക കാരണങ്ങളാൽ
Sunday, March 9, 2025 12:20 AM IST
ലോസ് ആഞ്ചലസ്: ഹോളിവുഡ് നടൻ ജീൻ ഹാക്മാൻ (95), ഭാര്യ ബെറ്റ്സി അരക്കാവ (65) എന്നിവരുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു. ഇരുവരും സ്വാഭാവിക മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഹാക്മാനെയും ബെറ്റ്സിയെയും ന്യൂമെക്സിക്കോ സംസ്ഥാനത്തെ സാന്താ ഫേയിലുള്ള വസതിയിൽ ഫെബ്രുവരി 28നു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു.
ഫെബ്രുവരി 11നായിരുന്നു ബെറ്റ്സിയുടെ മരണമെന്ന് പോലീസ് അനുമാനിക്കുന്നു. അത്യപൂർവ വൈറസ് ബാധമൂലം ശ്വാസകോശരോഗം പിടിപെട്ടാണ് മരിച്ചത്.
ഹാക്മാന്റെ മരണം ഒരാഴ്ച കഴിഞ്ഞ് ഫെബ്രുവരി 18നായിരുന്നു. ഹൃദയസംബന്ധമായ അസുഖമാണ് മരണ കാരണം. കടുത്ത അൽസ്ഹൈമേഴ്സ് രോഗബാധിതനായിരുന്ന ഹാക്മാൻ ഭാര്യ മരിച്ചതിനെക്കുറിച്ച് ബോധവാനല്ലായിരുന്നിരിക്കാം എന്നും പോലീസ് അനുമാനിക്കുന്നു.