കാനഡയ്ക്ക് ചുങ്കം ചുമത്തി ചൈന
Sunday, March 9, 2025 12:20 AM IST
ബെയ്ജിംഗ്: കാനഡയ്ക്കെതിരേ പകരത്തിനു പകരം ചുങ്കം ചുമത്തി ചൈന. മാർച്ച് 20 മുതൽ 260 കോടി ഡോളറിന്റെ കനേഡിയൻ ഉത്പന്നങ്ങൾ പുതിയ ചുങ്കം നേരിടേണ്ടിവരുമെന്ന് ചൈന അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് കാനഡ ചുങ്കം ചുമത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് ചൈന നാലു മാസത്തിനുശേഷം നല്കിയിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരേ പകരത്തിനു പകരം ചുങ്കം ചുമത്തി വാണിജ്യയുദ്ധത്തിനു തുടക്കമിട്ടിരിക്കേയാണ് ഈ സംഭവവികാസങ്ങൾ.
കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഇലക്ട്രിക് വാനഹങ്ങൾക്ക് നൂറും സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25ഉം ശതമാനം വച്ചാണ് ഒക്ടോബറിൽ ചുങ്കം ചുമത്തിയത്. യൂറോപ്യൻ യൂണിയന്റെയും അമേരിക്കയുടെയും ചുവടുപിടിച്ചായിരുന്നു കാഡയുടെ നടപടി.
കാനഡയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കടുകെണ്ണ ഉത്പന്നങ്ങൾക്ക് നൂറും മത്സ്യ, പോർക്ക് ഉത്പന്നങ്ങൾക്ക് 25ഉം ശതമാനം വച്ച് ചുങ്കം ചുമത്തിയാണ് ചൈന തിരിച്ചടിച്ചിരിക്കുന്നത്. കനേഡിയൻ കയറ്റുമതിയിൽ മുന്നിലാണ് കടുകെണ്ണ ഉത്പന്നങ്ങൾ.