ഗാസ: ചർച്ചയ്ക്കു സാധ്യത തെളിയുന്നു
Monday, March 10, 2025 1:52 AM IST
കയ്റോ: ഗാസ വെടിനിർത്തലിന്റെ രണ്ടാംഘട്ടത്തിനായി ചർച്ചയ്ക്കു സന്നദ്ധമാണെന്ന സൂചന നല്കി ഇസ്രയേലും ഹമാസും. അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോടു സഹകരിക്കുന്നതായി ഇസ്രയേൽ അറിയിച്ചു. ചർച്ചകൾക്കായി ഇസ്രേലി പ്രതിനിധി സംഘം ഇന്ന് ഖത്തറിലെത്തും.
ഇതിനിടെ, ഹമാസ് നേതാക്കൾ ഈജിപ്തുമായി കയ്റോയിൽ ചർച്ച നടത്തുന്നുണ്ട്. രണ്ടാംഘട്ട വെടിനിർത്തൽ സംബന്ധിച്ച് ശുഭസൂചനകളുണ്ടെന്നു ഹമാസ് പറഞ്ഞു.
ജനുവരി 19-നാരംഭിച്ച ഒന്നാംഘട്ട വെടിനിർത്തൽ മാർച്ച് ഒന്നിന് അവസാനിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കലും, ഹമാസിന്റെ കസ്റ്റഡിയിൽ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കലും രണ്ടാംഘട്ടത്തിലാണു വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനിടെ, ഇസ്രേലി സേന വെള്ളി, ശനി ദിവസങ്ങളിൽ ഗാസയിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നാലു പേർ കൊല്ലപ്പെട്ടു.